Skip to main content
[vorkady.com]

230. കശാപ്പുശാലകൾക്കുള്ള ലൈസൻസ്

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുകയോ ഏതെങ്കിലും മൃഗങ്ങളുടെ തോലുരിക്കുകയോ അല്ലെങ്കിൽ മൃഗശവങ്ങൾ വെട്ടിനുറുക്കുകയോ ചെയ്യുന്നതിനുള്ള കശാപ്പുശാലയായി ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥൻ ഓരോ വർഷവും ആദ്യത്തെ മാസത്തിലോ അല്ലെങ്കിൽ ആദ്യമായിതുറക്കപ്പെടുന്ന ഒരു സ്ഥലത്തിന്റെ കാര്യത്തിലാണെങ്കിൽ അതു തുറക്കുന്നതിന് ഒരു മാസം മുമ്പോ ലൈസൻസിനു വേണ്ടി E1[ഗ്രാമപഞ്ചായത്തിന്] അപേക്ഷ ബോധിപ്പിക്കേണ്ടതാണ്.

(2) E1[ഗ്രാമപഞ്ചായത്തിന്] ഉത്തരവുമൂലവും, മേൽനോട്ടവും പരിശോധനയും സംബന്ധിച്ചിടത്തോളം തനിക്ക് യുക്തമെന്ന് തോന്നുന്ന നിയന്ത്രണങ്ങൾക്കും റഗുലേഷനുകൾക്കും വിധേയമായും, അങ്ങനെയുള്ള ലൈസൻസ് നൽകുകയോ നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യാവുന്നതാകുന്നു.

(3) ഉൽസവങ്ങളും, വിവാഹാഘോഷങ്ങൾ തുടങ്ങിയ അടിയന്തിരങ്ങളും ഉള്ള സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഗോപ്യമായ ഏതെങ്കിലും സ്ഥലത്ത് വച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമായിരിക്കുന്നതല്ല.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.