Skip to main content
[vorkady.com]

22. വോട്ടർ പട്ടികകളുടെ തയ്യാറാക്കലും പുതുക്കലും

(1) ഓരോ ഗ്രാമപഞ്ചായത്തിലെയും ഓരോ നിയോജകമണ്ഡലത്തിനുമുള്ള വോട്ടർ പട്ടിക യോഗ്യത കണക്കാക്കുന്ന തീയതി ക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കേണ്ടതും, ഈ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി അന്തിമമായി പ്രസിദ്ധീകരിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതും ആണ്.

(2) പ്രസ്തുത വോട്ടർ പട്ടിക,-

(എ) കാരണങ്ങൾ എഴുതി രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറ്റുവിധത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പക്ഷം,

(i) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഓരോ പൊതു തെരഞ്ഞെടുപ്പിനു മുൻപും,

(ii) ആ നിയോജകമണ്ഡലത്തിന് അനുവദിച്ചിട്ടുള്ള ഒരു സ്ഥാനത്തിന്റെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഓരോ ഉപതെരഞ്ഞെടുപ്പിനു മുൻപും,

യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്;

(ബി) ഏതെങ്കിലും വർഷത്തിൽ അതു പുതുക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളപക്ഷം, യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്:

എന്നാൽ, മേൽപറഞ്ഞ പ്രകാരം വോട്ടർ പട്ടിക പുതുക്കിയിട്ടില്ലെങ്കിൽ അത് പ്രസ്തുത വോട്ടർ പട്ടികയുടെ സാധുതയെയോ തുടർന്നുള്ള പ്രവർത്തനത്തെയോ ബാധിക്കുന്നതല്ല.

3) (2)-ആം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഏതു സമയത്തും, രേഖപ്പെടുത്തിയ കാരണങ്ങളാൽ, ഏതെങ്കിലും നിയോജകമണ്ഡലത്തിലെയോ ഒരു നിയോജക മണ്ഡലത്തിന്റെ ഭാഗത്തിന്റെയോ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ കമ്മീഷന് യുക്തമെന്ന് തോന്നുന്ന രീതിയിൽ നടത്തുന്നതിന് നിർദ്ദേശിക്കാവുന്നതാണ്:

എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും നിർദ്ദേശം പുറപ്പെടുവിച്ച സമയത്ത് നിയോജകമണ്ഡലത്തിൽ പ്രാബല്യത്തിലിരുന്ന വോട്ടർ പട്ടിക, ഈ ആക്റ്റിന്റെ മറ്റു വ്യവസ്ഥകൾക്കു വിധേയമായി, അങ്ങനെ നിർദ്ദേശിക്കപ്പെട്ട പ്രത്യേക പുതുക്കൽ പൂർത്തിയാകുന്നതുവരെ പ്രാബല്യത്തിൽ തുടരുന്നതാണ്.