Skip to main content
[vorkady.com]

153. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ്

(1) ഓരോ പഞ്ചായത്തിലും ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇടയിൽനിന്നും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും E3[ഉണ്ടായിരിക്കേണ്ടതും പ്രസിഡന്റ് പഞ്ചായത്തിന്റെ മുഴുവൻസമയ കാര്യനിർവ്വഹണാധികാരസ്ഥൻ ആയിരിക്കുന്നതുമാണ്.]

(2) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതുകഴിഞ്ഞാൽ അതിന്റെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിനായി ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം A2[(6)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന വരണാധികാരി വിളിച്ച് കൂട്ടേണ്ടതാണ്.]

(3)(എ) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലേയും പ്രസിഡന്റിന്റെ സ്ഥാനങ്ങൾ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായി സർക്കാർ സംവരണം ചെയ്യേണ്ടതും സംസ്ഥാനത്തിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിൽ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സംവരണം ചെയ്ത പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ എണ്ണവും ഓരോ തലത്തിലുമുള്ള പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ ആകെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തിലെ പട്ടികജാതികളുടേയും പട്ടിക വർഗ്ഗങ്ങളുടേയും ജനസംഖ്യയും സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതവും കഴിയുന്നത്ര ഒന്നുതന്നെ ആയിരിക്കേണ്ടതാണ്.

(ബി) (i) (എ) ഖണ്ഡപ്രകാരം സംവരണം ചെയ്ത സംസ്ഥാനത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക്പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക Q[അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്)],

(ii) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങളിൽ അങ്ങനെ സംവരണം ചെയ്യാത്തവയുടെ Q[അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്)],

സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതാണ്.

A2[4 (എ) (3)-ആം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വിവിധ ജില്ലകളിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിലേയ്ക്ക് E1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംവഴി വീതിച്ച് നൽകേണ്ടതാണ്]

(ബി) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും കാര്യത്തിൽ, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സംവരണം ചെയ്യുന്ന സ്ഥാനങ്ങൾ അതതു ജില്ലയിലെ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വീതിച്ചു നൽകേണ്ടതാണ്;

(സി) ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണസ്ഥാനങ്ങൾ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണ്;

(ഡി) പൊതുതിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുൻപായി, E1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ] (എ)യും (ബി)യും (സി)യും ഖണ്ഡങ്ങൾ പ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വീതിച്ചു നൽകേണ്ടതും, ആവർത്തനക്രമം പട്ടികജാതിക്കാരുടേയോ പട്ടിക് വർഗ്ഗക്കാരുടേയോ സ്ത്രീകളുടേയോ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്ന് തുടങ്ങേണ്ടതും അതിനുശേഷം ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ തൊട്ടടുത്ത പഞ്ചായത്തിലേക്ക് നൽകേണ്ടതും ഇതേപ്രകാരം തുടരേണ്ടതുമാണ്:

Q[(ഇ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാർക്കോ, പട്ടികവർഗ്ഗക്കാർക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എങ്കിൽ, താൻ പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ അംഗമാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുൻപാകെ ഹാജരാക്കാത്ത പക്ഷം, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

(എഫ്) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996- ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11 പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും ചെയ്താൽ, അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അയാൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ലാത്തതും, അയാളുടെ അംഗത്വം നഷ്ടപ്പെടുന്നതും, പ്രസിഡന്റിന്റെയും അംഗത്തിന്റേയും സ്ഥാനങ്ങളിൽ ഒഴിവുണ്ടായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കേണ്ടതുമാണ്.]

എന്നാൽ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും, പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ, അതതു സംഗതിപോലെ, അപ്രകാരം പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സംവരണം ചെയ്യുന്നതിൽ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ പെട്ടവർക്ക് മുൻഗണന നൽകേണ്ടതും പകരം ക്രമമനുസരിച്ച് തൊട്ടടുത്ത്, സ്ത്രീകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യ ശതമാനമുള്ള പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതുമാണ്;

എന്നുമാത്രമല്ല, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യപ്പെടുന്ന പഞ്ചായത്തുകളിൽ, സ്ത്രീകളുടെ ജനസംഖ്യാ ശതമാനം കൂടുതലുള്ളവ ക്രമമനുസരിച്ച് അവരിലെ സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടതാണ്.

കൂടാതെ പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ അവരിലെ സ്ത്രീകൾക്കോ ഏതെങ്കിലും പഞ്ചായത്തിൽ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യുന്നത്, ആ പഞ്ചായത്തിൽ ആ വിഭാഗത്തിന് ഒരു നിയോജകമണ്ഡലമെങ്കിലും സംവരണം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമായിരിക്കേണ്ടതാണ്.

Q[(4എ) പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, വൈസ് പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചേയ്യേണ്ടതും അപ്രകാരം സംവരണം ചെയ്യപ്പെടുന്ന വൈസ് പ്രസിഡന്റിന്റെ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനും വേണ്ടി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിക്ക് മുൻപ് ഗസറ്റ് വിജ്ഞാപനംവഴി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. 

(5) പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുവാനുള്ള യോഗം, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം കൂടേണ്ടതാണ്.

(6) പഞ്ചായത്തുകളിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ തിരഞ്ഞെടുപ്പിനു വേണ്ടി, സർക്കാരിലേയോ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.

(7) നിർണ്ണയിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ അങ്ങനെയുള്ള എല്ലാ പ്രവൃത്തികളും കാര്യങ്ങളും ചെയ്യേണ്ടത് വരണാധികാരിയുടെ കർത്തവ്യമായിരിക്കുന്നതാണ്.

D[(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.]

(8) 152-ആം വകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗത്തിന് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തെരഞ്ഞെടുക്കുന്നതിന് വോട്ടു അവകാശമുണ്ടായിരിക്കുന്നതല്ല.
ചെയ്യാൻ

(9) (2)-ആം ഉപവകുപ്പുപ്രകാരം നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞ്ഞെടുക്കപ്പെടാത്തപക്ഷം, അതതു സംഗതിപോലെ, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ തിരഞ്ഞെടുക്കുവാൻ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.

(10) പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കപ്പെട്ട അങ്ങനെയുള്ള രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടതാണ്.

(11) ഒരു പ്രസിഡന്റ്, ഒരംഗമെന്ന നിലയിലുള്ള തന്റെ സ്ഥാനം അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതി തടവുശിക്ഷയ്ക്ക് വിധിക്കുമ്പോഴോ അല്ലെങ്കിൽ മറ്റുവിധത്തിൽ ആ പഞ്ചായത്തിലെ ഒരംഗമായി തുടരാതിരിക്കുകയോ ചെയ്യുമ്പോൾ, തന്റെ ഔദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.

(12) ഒരു വൈസ് പ്രസിഡന്റ് -

(എ) തന്റെ അംഗത്വ കാലാവധി അവസാനിക്കുമ്പോഴോ സന്മാർഗ്ഗവിരുദ്ധ പ്രവൃത്തി ഉൾപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയാൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുമ്പോഴോ, അഥവാ മറ്റു രീതിയിൽ അംഗമല്ലാതായിത്തീരുമ്പോഴോ, അല്ലെങ്കിൽ

(ബി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോഴോ തന്റെ സ്ഥാനം ഒഴിഞ്ഞതായി കരുതേണ്ടതാണ്.

(13) ഏതു തലത്തിലുമുളള ഒരു പഞ്ചയത്തിലെ പ്രസിഡന്റ് തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സർക്കാർ ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുമ്പാകെയും രണ്ടാം പട്ടികയിൽ അതിനായി കൊടുത്തിട്ടുള്ള ഫാറത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കക്കേണ്ടതാണ്.

M4[(13എ) ഏത് തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആൾ താൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം മതിയായ കാരണങ്ങളാലല്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ, അതത് സംഗതിപോലെ, തന്റെ പ്രസിഡന്റ് അഥവാ വൈസ് പ്രസിഡന്റ് സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി സംസ്ഥാന തെരഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാവുന്നതാണ്.]

(14) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ചു തർക്കം ഉണ്ടാകുന്നതായാൽ ആ പഞ്ചായത്തിലെ ഏതൊരംഗത്തിനും-

(എ) ഗ്രാമ പഞ്ചായത്തിന്റെ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻമേൽ, അധികാരിതയുള്ള മുൻസിഫ് കോടതി മുമ്പാകെയും;

(ബി) ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സംഗതിയിൽ അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ മേൽ അധികാരിതയുള്ള ജില്ലാ കോടതി മുമ്പാകെയും,

തർക്കം തീർപ്പിനായി ഒരു ഹർജി ഫയൽ ചെയ്യാവുന്നതും അങ്ങനെയുള്ള തീർപ്പാക്കൽ അന്തിമമായിരിക്കുന്നതുമാണ്.

E1[(1400)) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ സാധുത, അങ്ങനെയുള്ള പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ ഏതെങ്കിലും സ്ഥാനം ഒഴിവുണ്ടെന്നോ അല്ലെങ്കിൽ ഏതെങ്കിലും അംഗം ഹാജരായില്ലെന്നോ ഉള്ള കാരണത്തിൻമേൽ ചോദ്യം ചെയ്യപ്പെടാവുന്നതല്ല.]

A2[(15) (14)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഓരോ പരാതിയും 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ആം കേന്ദ്ര ആക്സിയിൽ ഒരു കേസ് വിസ്തരിക്കുമ്പോൾ അനുവർത്തിക്കേണ്ടതായി വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമം അനുസരിച്ച തീർപ്പാക്കേണ്ടതാണ്.]

(16) ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ആകസ്മിക ഒഴിവ്, നിർണ്ണയിക്കപ്പെട്ടേക്കാവുന്ന രീതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി, പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ, അതതു സംഗതിപോലെ, തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു.

(17) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഉദ്യോഗകാലാവധി, ആ പഞ്ചായത്തിന്റെ കാലാവധിക്ക് സഹവർത്തകമായിരിക്കുന്നതാണ്.


E3. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.10.2000 മുതൽ പ്രാബല്യത്തിൽ വന്നു. 

A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു. 

Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.

E1. 1999-ലെ13-ആംആക്റ്റ് പ്രകാരംവീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.

D. 1998-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 02.10.1998 മുതൽ പ്രാബല്യത്തിൽ വന്നു. 

M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.08.2005 മുതൽ പ്രാബല്യത്തിൽ വന്നു.