Skip to main content
[vorkady.com]

257. പട്ടികയിൽ പറഞ്ഞിട്ടുള്ള ശിക്ഷകൾ സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ

(1) ആരെങ്കിലും

(എ) ആറാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറഞ്ഞിട്ടുള്ള ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയോ;അല്ലെങ്കിൽ

(ബി) അപ്രകാരം പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസ്ഥ പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിക്കുകയോ, അല്ലെങ്കിൽ

(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ അതനുസരിച്ചോ തനിക്ക് നിയ മാനുസൃതം കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതമായി തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയോ ചെയ്താൽ, അതിലേക്ക് മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിട്ടുള്ള തുക വരെ വരാവുന്ന പിഴശിക്ഷ അയാൾക്ക് നൽകാവുന്നതാകുന്നു.

(2) ആരെങ്കിലും

(എ) ഏഴാം പട്ടിക, ഒന്നും രണ്ടും കോളങ്ങളിൽ പറയപ്പെട്ട ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചതിനോ;അല്ലെങ്കിൽ

(ബി) അപ്രകാരം പറഞ്ഞ ഏതെങ്കിലും വ്യവസ്ഥപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിച്ചതിനോ;അല്ലെങ്കിൽ

(സി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരമോ, അതനുസരിച്ചോ നിയമാനുസൃതം തനിക്കു കിട്ടിയ ഏതെങ്കിലും നിർദ്ദേശമോ, നിയമാനുസൃതം തന്നോടു ചെയ്ത ഏതെങ്കിലും ആവശ്യപ്പെടലോ അനുസരിച്ച പ്രവർത്തിക്കാതിരിക്കുന്നതിനോ, കുറ്റസ്ഥാപനം ചെയ്യപ്പെട്ടതിനു ശേഷം, പ്രസ്തുത നിർദ്ദേശമോ അപേക്ഷയോ തുടർന്നു ലംഘിക്കുന്നതായാൽ, മുൻ കുറ്റസ്ഥാപനത്തീയതി കഴിഞ്ഞശേഷം, അയാൾ അങ്ങനെ തുടർന്ന് കുറ്റം ചെയ്യുന്ന ഓരോ ദിവസത്തിനും, അതിലേക്കു മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിരിക്കുന്ന തുക വരെയാകാവുന്ന പിഴശിക്ഷ അയാൾക്കു നൽകാവുന്നതാകുന്നു.

വിശദീകരണം - "വിഷയം" എന്ന ശീർഷകത്തിൽ ആറും ഏഴും പട്ടികകളിലെ മൂന്നാം കോളത്തിൽ ചേർത്തിരിക്കുന്ന ഉൾക്കുറിപ്പുകൾ, അവയിലെ ഒന്നും രണ്ടും കോളങ്ങളിൽ പറയുന്ന വ്യവസ്ഥകളിൽ വിവരിച്ചിരിക്കുന്ന കുറ്റങ്ങളുടെ നിർവ്വചനങ്ങളായോ ആ വ്യവസ്ഥകളുടെ സംക്ഷേപമായിട്ടു പോലുമോ ഉദ്ദേശിച്ചിട്ടുള്ളതല്ലാത്തതും, എന്നാൽ അവിടെ പ്രതിപാദിച്ചിട്ടുള്ള വിഷയത്തെ സംബന്ധിച്ച സൂചനകളായി മാത്രം ചേർത്തിട്ടുള്ളതുമാകുന്നു.