152.അംഗങ്ങളുടെ സത്യപ്രതിജ്ഞ അല്ലെങ്കിൽ ദൃഢ പ്രതിജ്ഞ
E1[(1) സർക്കാർ ഓരോ പൊതുതിരഞ്ഞെടുപ്പിനു ശേഷവും പഞ്ചായത്തിന്റെ ആദ്യയോഗം വിളിച്ചുകൂട്ടുന്നതിലേക്കായി, പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്യേണ്ടതും അദ്ദേഹം അപ്രകാരമുള്ള യോഗം വിളിച്ചുകൂട്ടുന്നതിന് മുമ്പ് സർക്കാർ ഈ ആവശ്യാർത്ഥം നാമനിർദ്ദേശം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫോറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ടു കൊടുക്കേണ്ടതാണ്:
എന്നാൽ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗം കഴിയുന്നതും ആ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ ആയിരിക്കേണ്ടതാണ്.
(2) മറ്റെല്ലാ അംഗങ്ങളും തന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് 153-ആം വകുപ്പ് (5)-ആം ഉപവകുപ്പ് പ്രകാരം പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തീയതിക്കുമുമ്പ് സർക്കാർ നിർദ്ദേശിക്കുന്ന തീയതിയിൽ, (1)-ആം ഉപവകുപ്പ് പ്രകാരം നാമനിർദ്ദേശം ചെയ്ത പഞ്ചായത്തംഗത്തിന്റെ മുമ്പാകെ രണ്ടാം പട്ടികയിൽ ഈ ആവശ്യത്തിലേക്കായി കൊടുത്തിട്ടുള്ള ഫാറത്തിൽ ഒരു സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പിട്ട് കൊടുക്കേണ്ടതാണ്.]
(3) (2)-ആം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിന് സാധിക്കാതെ വന്ന ഒരംഗത്തിന് അല്ലെങ്കിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തിന് അപ്രകാരമുള്ള പ്രതിജ്ഞ എടുക്കൽ പ്രസിഡന്റിന്റെ മുമ്പാകെ ചെയ്യാവുന്നതാണ്.
(4) (1)-ആം ഉപവകുപ്പ് പ്രകാരമോ (2)-ആം ഉപവകുപ്പ് പ്രകാരമോ, (3)-ആം ഉപവകുപ്പ് പ്രകാരമോ, സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ എടുത്തിട്ടില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗം താൻ അംഗമായിട്ടുള്ള പഞ്ചായത്തിലെ യോഗനടപടികളിൽ പങ്കെടുക്കാനോ വോട്ടു ചെയ്യുവാനോ പാടില്ലാത്തതും അദ്ദേഹത്തെ ആ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള ഏതെങ്കിലും സമിതിയിൽ അംഗമായി ഉൾപ്പെടുത്തുവാൻ പാടില്ലാത്തതും ആകുന്നു.
(5) ഒരാൾ, താൻ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ഏറ്റവും കൂടിയത് മുപ്പത് ദിവസത്തിനുള്ളിൽ മതിയായ കാരണങ്ങളില്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാൾ തന്റെ സ്ഥാനം സ്വമേധയായി ഒഴിഞ്ഞതായി M4[സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്] പ്രഖ്യാപിക്കാവുന്നതാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.
M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.08.2005 മുതൽ പ്രാബല്യത്തിൽ വന്നു.
No Comments