Skip to main content
[vorkady.com]

36. അംഗമായതിനുശേഷമുള്ള അയോഗ്യത നിർണ്ണയിക്കൽ

(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ആം വകുപ്പോ D[(എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ] പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തിനോ അല്ലെങ്കിൽ ആ അംഗം തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാൻ അവകാശമുള്ള മറ്റേതെങ്കിലും ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.

E1(എന്നാൽ സെക്രട്ടറിക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ  അപ്രകാരമുള്ള ഒരു പ്രശ്നം തീരുമാനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്  റഫർ ചെയ്യാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൽ E1[പരാമർശിച്ച ഹർജിയേയോ റഫറൻസിനേയോ സംബന്ധിച്ച്] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന് ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള അന്വേഷണവിചാരണ നടത്തിയതിനുശേഷം, അങ്ങനെയുള്ള അംഗം യോഗ്യതയുള്ള ആൾ ആണെന്നോ അല്ലെന്നോ തീരുമാനിക്കേണ്ടതും തീരുമാനം അന്തിമമായിരിക്കുന്നതുമാണ്; E1(എന്നിരുന്നാൽ തന്നെയും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഹർജിയോ റഫറൻസിലുള്ള പ്രശ്നമോ തീരുമാനിക്കുന്നതുവരെ ആ അംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം തുടരണമോ വേണ്ടയോ എന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.]

(3) (1)-ആം ഉപവകുപ്പിൽ പരാമർശിച്ച് E1[ഒരു ഹർജിയോ റഫറൻസോ], ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൻകീഴിൽ (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്) ബാധകമായ നടപടി ക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.


D. 1999-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 02.10.1998മുതൽ പ്രാബല്യത്തിൽ വന്നു. 

E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.