222. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ
(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽനിന്ന് ഒരു ലൈസൻസ് കിട്ടിയിട്ടില്ലാത്തപക്ഷം പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ സ്വകാര്യ മാർക്കറ്റ് നടത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ലൈസൻസ് ഓരോ കൊല്ലവും ലൈസൻസുകാരൻ പുതുക്കിക്കേണ്ടതുമാണ്.
(2) ഗ്രാമപഞ്ചായത്തിന്,-
(എ) മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം ജല വിതരണം എന്നിവയും ഉപയോഗിക്കേണ്ട തൂക്കങ്ങൾ അളവുകൾ എന്നിവയും ചുമത്തേണ്ട വാടക, ഫീസ് എന്നിവയും സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന മറ്റു കാര്യങ്ങൾ സംബന്ധിച്ചും തങ്ങൾക്ക് യോഗ്യമെന്ന് തോന്നുന്ന ഉപാധികൾക്കു വിധേയമായി അപേക്ഷിക്കപ്പെട്ട ലൈസൻസ് നൽകാവുന്നതാണ്;
(ബി) ലൈസൻസ് പുതുക്കാൻ വിസമ്മതിക്കുന്നത് പൊതു ജനതാല്പര്യം വച്ചുനോക്കുമ്പോൾ ന്യായീകരിക്കാമെന്ന് അതിന് ബോദ്ധ്യം വരുന്നപക്ഷം അതു പുതുക്കാൻ വിസമ്മതിക്കാവുന്നതാകുന്നു.
(സി) (എ) എന്ന ഖണ്ഡപ്രകാരം നൽകപ്പെട്ട ഏതൊരു ലൈസൻസും അതിലെ ഏതെങ്കിലും നിബന്ധന ലംഘിച്ചാൽ ഏതവസരത്തിലും സസ്പെന്റ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാവുന്നതാണ്;
(ഡി) ലൈസൻസിലെ നിബന്ധനകൾ ഒരു നിർദ്ദിഷ്ട തീയതി മുതൽക്ക് പ്രാബല്യത്തിൽ വരത്തക്കവണ്ണം ഭേദപ്പെടുത്താവുന്നതാണ്.
(ഇ) (ബി) എന്ന ഖണ്ഡപ്രകാരം ലൈസൻസ് പുതുക്കൽ വിസമ്മതിക്കുന്ന സംഗതിയിൽ അതിനുള്ള കാരണങ്ങൾ ലൈസൻസിയെ അറിയിക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളിൽ അത്തരം കാര്യങ്ങൾ പരിഹരിക്കുന്നപക്ഷം ആ അപേക്ഷ പുനഃപരിശോധിക്കേണ്ടതുമാണ്.
(3) അന്തിച്ചന്തകളിൽ യാതൊരു മാർക്കറ്റുഫീസും ചുമത്താൻ പാടില്ലാത്തതും, അതിലേക്കുള്ള ലൈസൻസ് സൗജന്യമായി നൽകേണ്ടതും എന്നാൽ, മേൽനോട്ടം, പരിശോധന എന്നിവയും ശുചീകരണം, ഉപയോഗിക്കേണ്ട അളവുകൾ, തൂക്കങ്ങൾ എന്നിവയും സംബന്ധിച്ചുള്ള നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്ക് അവ വിധേയമായിരിക്കേണ്ടതും ആകുന്നു.
(4) (2)-ആം ഉപവകുപ്പിൻ കീഴിൽ നൽകപ്പെട്ട ലൈസൻസ് ആ ലൈസൻസുകാരനെ സ്വകാര്യ മാർക്കറ്റിൽനിന്ന് ഏതെങ്കിലും ഫീസും വസൂലാക്കാൻ അനുവദിക്കുന്നപക്ഷം, മാർക്കറ്റിൽനിന്ന് ഉടമസ്ഥന് മുൻവർഷത്തിൽ കിട്ടിയിട്ടുള്ള മൊത്തം ആദായത്തിന്റെ മൂന്നിലൊന്നിൽ കവിയാത്ത തുകയ്ക്കുള്ള ഒരു ലൈസൻസ് ഫീസ് ഗ്രാമപഞ്ചായത്ത് ചുമത്തേണ്ടതാകുന്നു.
എന്നാൽ ഒരു പുതിയ മാർക്കറ്റിന്റെ കാര്യത്തിൽ, താഴെ കൊടുത്തിരിക്കുന്നതിൽ കുറയാതെയുള്ള നിരക്കിൽ ഗ്രാമപഞ്ചായത്ത് ലൈസൻസ് ഫീസ് നിശ്ചയിക്കേണ്ടതാകുന്നു; അതായത്:-
(i) മാർക്കറ്റിന്റെ വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലല്ലെങ്കിൽ, ഇരുന്നുറു രൂപ;
(ii) വിസ്തീർണ്ണം 0.1 ഹെക്ടറിൽ കൂടുതലും എന്നാൽ 0.2 ഹെക്ടറിൽ കുറവുമാണെങ്കിൽ, നാന്നുറ് രൂപ;
(iii) വിസ്തീർണ്ണം 0.2 ഹെക്ടറിൽ കൂടുതലാണെങ്കിൽ, അഞ്ഞുറ് രൂപ;
(5) ഗ്രാമപഞ്ചായത്തിനോ അത് യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ലൈസൻസ് ഇല്ലാത്തതോ, ലൈസൻസ് സസ്പെന്റ് ചെയ്തിരിക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളതോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തപ്പെടുന്നതോ, തുറന്ന് വയ്ക്കപ്പെട്ടതോ ആയ സ്വകാര്യമാർക്കറ്റ് മുൻകൂട്ടി അറിയിച്ചതിന് ശേഷം അടച്ചിടാവുന്നതാണ്.
No Comments