Skip to main content
[vorkady.com]

76. വോട്ടുചെയ്യാനുള്ള അവകാശം

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യവസ്ഥ ചെയ്തിരിക്കുന്നവിധമൊഴികെ, അങ്ങനെ പേർ ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതുമാണ്.

(2) ഒരാൾ 17-ആം വകുപ്പിൽ പരാമർശിച്ചിട്ടുള്ള അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനാണെങ്കിൽ അയാൾ യാതൊരു   നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പാടുള്ളതല്ല.

(3) യാതൊരാളും ഒരു പൊതുതിരഞ്ഞെടുപ്പിൽ, ഒരേതരത്തിൽപ്പെട്ട ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ പാടില്ലാത്തതും, ഒരാൾ അങ്ങനെയുള്ള ഒന്നിലധികം നിയോജ കമണ്ഡലങ്ങളിൽ വോട്ടു ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലേയും അയാളുടെ വോട്ടുകൾ അസാധുവായിരിക്കുന്നതുമാണ്.

(4) യാതൊരാളും ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരേ നിയോജകമണ്ഡലത്തിൽ ആ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പു പട്ടികയിൽ തന്റെ പേർ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തന്നെയും ഒന്നിലധികം പ്രാവശ്യം വോട്ടുചെയ്യുവാൻ പാടില്ലാത്തതും, അയാൾ അപ്രകാരം വോട്ട് ചെയ്യുന്നുവെങ്കിൽ ആ നിയോജകമണ്ഡലത്തിലെ അയാളുടെ എല്ലാ വോട്ടുകളും അസാധുവായിരിക്കുന്നതുമാണ്.

(5) ഒരാൾ ജയിലിൽ അടക്കപ്പെട്ടിരിക്കയാണെങ്കിൽ അത് തടവിനോ നാടുകടത്തലിനോ ഉള്ള ഒരു ശിക്ഷാവിധിക്കു കീഴിലായിരുന്നാലും മറ്റ വിധത്തിലായിരുന്നാലും ശരി, അഥവാ നിയമാനുസൃതമായ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയാണെങ്കിൽ, അയാൾ യാതൊരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുവാൻ പാടുള്ളതല്ല;

എന്നാൽ, ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ, തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൻകീഴിൽ കരുതൽത്തടങ്കലിനു വിധേയനാക്കപ്പെട്ട ആൾക്ക് ബാധകമാകുന്നതല്ല.