E1[219എ. ചവറും ഖരാവസ്ഥയിലുള്ള വർജ്യ വസ്തുക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഏർപ്പാടു ചെയ്യണമെന്ന്
(1) ഓരോ ഗ്രാമപഞ്ചായത്തും,-
(എ) പതിവായി തെരുവുകൾ തൂത്തുവാരുന്നതിനും വൃത്തിയാക്കുന്നതിനും, അവിടെ നിന്നും ചവറ് നീക്കം ചെയ്യുന്നതിനും;
(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;
(സി) പോലീസിന്റെ അറിവോടുകൂടി അനാഥപ്രേതങ്ങൾ നീക്കം ചെയ്ത് സംസ്കരെിക്കുന്നതിനും;
(ഡി) ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;
(ഇ) കുപ്പത്തൊട്ടിയിലും സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ ദിവസേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത് -
(i) മാലിന്യവും ചവറും മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;
(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ വാഹനങ്ങളും പാത്രങ്ങളും;
(iii) ചത്തുപോയ വലിയ മൃഗങ്ങളേയും ചവറും നീക്കം ചെയ്യുന്നതിനുവേണ്ടി വാഹന ങ്ങളും അല്ലെങ്കിൽ പറ്റിയ മറ്റു മാർഗ്ഗങ്ങളും;
(iv) ഗാർഹിക ചവർ, പൊടി, ചാരം, എച്ചിലുകൾ, അസഹ്യത ഉണ്ടാക്കുന്ന വസ്തു ക്കൾ, വ്യാവസായിക അവശിഷ്ടങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃഗശവങ്ങൾ എന്നിവ താൽക്കാലികമായി ഇടുന്നതിനുള്ള ചവറ്റുകുട്ടകളും സംഭരണികളും, സ്ഥലങ്ങളും, ഏർപ്പെടുത്തിവയ്ക്കക്കേണ്ടതുമാകുന്നു.
(2) സെക്രട്ടറി, (1)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഡിപ്പോകളും സ്ഥലങ്ങളും സംഭരണികളും കുപ്പത്തൊട്ടികളും വാഹനങ്ങളും പാത്രങ്ങളും ശല്യകാരണങ്ങളായി ഭവിക്കുന്നത് തടയുന്നതിന് മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.
(3) ഗ്രാമ പഞ്ചായത്തിനു കരാറടിസ്ഥാനത്തിൽ പൊതു സ്ഥലത്തു നിന്നോ സ്വകാര്യ പരിസരങ്ങളിൽ നിന്നോ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതും കൈയൊഴിയുന്നതും ഭാഗികമായോ മുഴുവനായോ ഏർപ്പാടുചെയ്യാവുന്നതാണ്.
Z[(4) ഈ ആക്റ്റിലോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും, സർക്കാരിന്,പൊതുതാല്‍പര്യാർത്ഥം, അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്ന്ബോധ്യപ്പെടുന്നപക്ഷം, ഖരമാലിന്യങ്ങളും ചവറും മാലിന്യങ്ങളും അപ്രകാരമുള്ള മറ്റു വസ്തുക്കളും രണ്ടോ അതിലധികമോ പഞ്ചായത്തുകളിൽ നിന്നും നേരിട്ടോ സർക്കാർ അധികാരപ്പെടുത്തിയ ഏജൻസി മുഖേനയോ ശേഖരിക്കുകയും കൊണ്ടുപോകുകയും കൈയൊഴിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിന് കരാർ അടിസ്ഥാനത്തിലോ മറ്റു വിധത്തിലോ ക്രമീകരണങ്ങൾ ചെയ്യാവുന്നതും അല്ലെങ്കിൽ ഖരമാലിന്യങ്ങളും ചവറും മാലിന്യങ്ങളും അപ്രകാരമുള്ള മറ്റു വസ്തുക്കളും ശേഖരിക്കുകയും കൊണ്ടുപോകുകയും കൈയൊഴിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിന് ഗണ്യമായ ചെലവുവരുന്ന ഏതെങ്കിലും പദ്ധതി ഏറ്റെടുക്കുകയും ചെയ്യാവുന്നതാണ്.]
AA[(5) ഈ ആക്റ്റിലോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും, (4)-ആം ഉപവകുപ്പിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ആവശ്യത്തിലേയ്ക്കായി സർക്കാരിന്, പ്രസ്തുത ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൈവശത്തിലുള്ളതുമായ ഏതെങ്കിലും ഭൂമി, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഒരു വിജ്ഞാപനം വഴി, ഏറ്റെടുക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.]
Z. 2018-ലെ 33-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 25.10.2018 മുതൽ പ്രാബല്യത്തില്‍ വന്നു.
AA. 2019-ലെ 11-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 02.03.2019 മുതൽ പ്രാബല്യത്തില്‍ വന്നു.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments