Skip to main content
[vorkady.com]

271കെ. ഓംബുഡ്സ്മാന്റെ അധികാരങ്ങൾ

(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-

(എ) ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ചു വരുത്തുവാനും നിർബന്ധമായി ഹാജരാക്കുവാനും വിസ്തരിക്കുന്നതിനും;

(ബി) ഏതെങ്കിലും പ്രമാണം കണ്ടെടുക്കുവാനോ ഹാജരാക്കുവാനോ ആവശ്യപ്പെടുന്നതിനും;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുന്നതിനും, 

(ഡി) ഒരു പൊതുരേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുന്നതിനും,

(ഇ) സാക്ഷികളെ വിസ്തരിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നതിനും,

(എഫ്) മറ്റ് നിർണ്ണയിക്കപ്പെട്ട അധികാരങ്ങളും,

(2) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം കഴമ്പില്ലാത്തതും ലഘുവായ സ്വഭാവത്തോടുകൂടിയതുമാണെന്ന് ഓംബുഡ്സ്മാൻ കാണുകയാണെങ്കിൽ എതിർകക്ഷിക്ക് ചെലവിനത്തിൽ ഓംബുഡ്സ്മാന്റെ ഉത്തരവിൽ പറയുന്നത്രയും തുക നൽകാൻ അതിന് പരാതിക്കാരനോട് ആജ്ഞാപിക്കാവുന്നതാണ്.

(3) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ള ആരോപണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ നഷ്ടത്തെ പറ്റിയോ ധൂർത്തിനെപ്പറ്റിയോ ദുർവിനിയോഗത്തെപ്പറ്റിയോ ആണെങ്കിൽ, അഥവാ ഒരു പൗരനുണ്ടായ നഷ്ടത്തെപ്പറ്റിയോ അസൗകര്യത്തെപ്പറ്റിയോ ആണെങ്കിൽ അന്വേഷണ സമയത്ത്, ഓംബുഡ്സ്മാന് തെളിവ് ശേഖരിക്കാവുന്നതും നഷ്ടം തിട്ടപ്പെടുത്താവുന്നതും ഉത്തരവാദിയായ ആളിൽ നിന്നും ഈടാക്കേണ്ട തുക അതിന്റെ ഉത്തരവിൽ നിർദ്ദേശിക്കാവുന്നതുമാണ്.

(4) (2)-ആം ഉപവകുപ്പിൻ കീഴിലോ (3)-ആം ഉപവകുപ്പിൻ കീഴിലോ ഓംബുഡ്സ്മാൻ പാസ്സാക്കിയ ഉത്തരവ് പ്രകാരം നൽകേണ്ടതായ തുക അതു നിർദ്ദേശിക്കുന്ന കാലയളവിനുള്ളിൽ നൽകാത്തപക്ഷം, ഭൂമിയിലുള്ള കരക്കുടിശ്ശിക എന്നപോലെ റവന്യൂ റിക്കവറി നടപടികൾ അനുസരിച്ച ഈടാക്കാവുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.