Skip to main content
[vorkady.com]

235വി. മാറ്റം വരുത്തലുകൾക്കും കുട്ടിച്ചേർപ്പുകൾക്കും വ്യവസ്ഥകൾ ബാധകമാക്കൽ

കെട്ടിടങ്ങൾ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നത് സംബന്ധിച്ചിടത്തോളം ഈ അദ്ധ്യായത്തിലെയും ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയും ബൈലാകളിലെയും വ്യവസ്ഥകൾ, കെട്ടിടങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്തുകയോ അവയിൽ എന്തെങ്കിലും കുട്ടിച്ചേർത്ത് പണിയുകയോ ചെയ്യുന്നതിനുകൂടി ബാധകമായിരിക്കുന്നതാണ്.

എന്നാൽ, കെട്ടിടത്തിന്റെ മൂല്യം വർദ്ധിപ്പിക്കാതെ അതിനെ അതേപടി നിലനിർത്തത്തക്ക വിധത്തിൽ അതേ സ്വഭാവവും മൂല്യവുമുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടും അതിന്റെ കൈവശവും ഉപയോഗവും മാറ്റാതെയും കെട്ടിടത്തിന്റെയും അതിലെ ഏതെങ്കിലും മുറികളുടെയും സ്ഥാനത്തെയും അളവുകളെയും ബാധിക്കാതെയും നടത്തുന്ന അറ്റകുറ്റപണി ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ ആയി കരുതപ്പെടാൻ പാടില്ല. ഏതെങ്കിലും വ്യത്യസ്ത സാധനമുപയോഗിച്ച് മേൽക്കൂര മാറ്റൽ, ഒരു വ്യത്യസ്ത സാധനമുപയോഗിച്ച് ഭിത്തികൾ നിർമ്മിക്കൽ, കെട്ടിടത്തിന്റെ മൂല്യം ഏതെങ്കിലും അളവിൽ വർദ്ധിപ്പിക്കുന്ന അതുപോലെയുള്ള മറ്റു പണികൾ എന്നിവ ഒരു അറ്റകുറ്റപ്പണിയായിട്ടല്ല ഒരു പുതിയ നിർമ്മാണമായിട്ടായിരിക്കും കണക്കാക്കപ്പെടുന്നത്.