146. നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർപട്ടിക സ്വീകരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആവശ്യമാണെന്ന് അത് കരുതുന്നപക്ഷം, ഈ ആക്റ്റിൻ കീഴിലുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി, ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭാനിയോജകമണ്ഡലങ്ങളിൽ പ്രാബല്യത്തിലുള്ള വോട്ടർ പട്ടിക സ്വീകരിച്ചു കൊണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികകൾ തയ്യാറാക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സ്വീകരിച്ച നിയമസഭാ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക പഞ്ചായത്തുകളിലെ ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി പ്രത്യേക ഭാഗങ്ങളായി വിഭജിക്കേണ്ടതും അതിനോട് ബന്ധപ്പെട്ട നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വോട്ടർമാരേയും ബന്ധപ്പെട്ട പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ചേർക്കേണ്ടതുമാണ്.
വിശദീകരണം - ഈ വകുപ്പിൽ 'നിയമസഭാ നിയോജകമണ്ഡലം' എന്നാൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടിയുള്ള നിയോജകമണ്ഡലം എന്നർത്ഥമാകുന്നു.
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, (1)-ആം ഉപവകുപ്പിൻ കീഴിൽ വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ, വോട്ടർ പട്ടികകൾ തയ്യാറാക്കുന്നതിനു വേണ്ടി ഈ ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും പറഞ്ഞിട്ടുള്ള നടപടിക്രമം ആവശ്യമായ ഭേദഗതികളോടെ പാലിക്കേണ്ടതാണ്.
No Comments