Skip to main content
[vorkady.com]

162എ. സ്റ്റാന്റിംഗ്കമ്മിറ്റികൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ

(1) പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്:-

(എ) ഗ്രാമപഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, നികുതി, അക്കൗണ്ടുകൾ, ആഡിറ്റ് ബഡ്ജറ്റ്, പൊതുഭരണം, നികുതിസംബന്ധമായ അപ്പീൽ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നല്കിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തി കവും പ്ലാനിംഗ്, സ്പെഷ്യൽ പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, സാമൂഹ്യവനവൽക്കരണം, മൃഗ സംരക്ഷണം, ക്ഷീരവികസനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിടസൗകര്യം, കെട്ടിടനിർമ്മാണങ്ങളുടെ നിയന്ത്രണം, വൈദ്യുതി എന്നീ വിഷ യങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

Q[(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷാ പ്രവർത്തനം, ചേരിപരിഷ്ക്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, ശുചീകരണം, M4[ശുദ്ധജലവിതരണം (കുടിവെള്ളം)], അഴുക്കുചാൽ, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.]

(ബി) ബ്ലോക്ക് പഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തി കവും പ്ലാനിംഗ്, കൃഷി, മൃഗസംരക്ഷണം, ചെറുകിടജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിട സൗകര്യം, വൈദ്യുതി, നീർമറി പരിപാലനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

Q[(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി, പൊതുജനാരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്ക്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.]

(സി) ജില്ലാ പഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, അക്കൗണ്ടുകൾ, ആഡിറ്റ്, ബഡ്ജറ്റ്, പൊതുഭരണം, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യ സാമ്പത്തിക പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, മൃഗസംരക്ഷണം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, M4[വൈദ്യുതി] എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iii) പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പൊതുമരാമത്ത്, പാർപ്പിട സൗകര്യം, സ്പെഷ്യൽ പ്ലാനിംഗ്, പരിസ്ഥിതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(V) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സാമൂഹ്യക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, M4[ദാരിദ്ര്യ നിർമ്മാർജ്ജനം] എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;
ആകുന്നു.

(2) പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക്, ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാൽ നൽകപ്പെട്ട അധികാരങ്ങൾക്കും കർത്തവ്യങ്ങൾക്കും പുറമേ പഞ്ചായത്ത് ഭരമേൽപ്പിക്കുന്ന അതിന്റെ മറ്റ് അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വഹിക്കാവുന്നതാണ്.

(3) സ്റ്റാന്റിംഗ് കമ്മിറ്റി പാസ്സാക്കുന്ന ഏതൊരു പ്രമേയവും പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ വയ്ക്കേണ്ടതും അപ്രകാരമുള്ള പ്രമേയങ്ങളിൽ ആവശ്യമെന്ന് തോന്നുന്ന പക്ഷം വേണ്ട മാറ്റം വരുത്തുവാൻ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

(4) ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് അതിന്റെ ഭൂരിപക്ഷം അംഗങ്ങളുടെ രാജിമൂലമോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ കാര്യക്ഷമമായി അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയാത്തപക്ഷം അങ്ങനെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുനർരൂപീകരണം വരെ അതിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും 162 ബി വകുപ്പ് പ്രകാരമുള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

(5) 179-ആം വകുപ്പ് (11)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, കമ്മിറ്റിക്ക് അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്.

 


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തില്‍ വന്നു.
M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 24.08.2005 മുതൽ പ്രാബല്യത്തില്‍ വന്നു.