Skip to main content
[vorkady.com]

E1[209എ. സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെയുള്ള പരസ്യങ്ങൾ നിരോധിക്കൽ

(1) 209-ആം വകുപ്പുപ്രകാരം നികുതി ചുമത്തുന്നതിനെപ്പറ്റി ഗ്രാമപഞ്ചായത്ത് തീരുമാനിച്ച ശേഷം, സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ, യാതൊരു പരസ്യവും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ, ചുമരിൻമേലോ, പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിറുത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വച്ചുകൊണ്ടിരിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് ഏതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) (i) പരസ്യം 256-ആം വകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയ ഏതെങ്കിലും ബൈലായെ ലംഘിക്കുകയോ;

(ii) പരസ്യം സംബന്ധിച്ച് എന്തെങ്കിലും നികുതി കൊടുക്കേണ്ടതുണ്ടെങ്കിൽ അതു കൊടുത്തിട്ടില്ലാതിരിക്കുകയോചെയ്യുന്നപക്ഷം, സെക്രട്ടറി അങ്ങനെയുള്ള അനുവാദം നൽകാൻ പാടില്ലാത്തതാകുന്നു.

(3) പരസ്യനികുതി ചുമത്താവുന്ന ഒരു പരസ്യത്തിന്റെ സംഗതിയിൽ, സെക്രട്ടറി, നികുതി കൊടുത്തത് ഏതു കാലത്തെ സംബന്ധിച്ചാണോ ആ കാലത്തേക്ക് (2)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി അനുവാദം നൽകേണ്ടതും, അങ്ങനെയുള്ള അനുവാദം സംബന്ധിച്ച യാതൊരു ഫീസും ചുമത്തുവാൻ പാടില്ലാത്തതുമാകുന്നു.

എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ, ഒരു റെയിൽവേ ഭരണകൂടത്തിന്റെ ബിസിനസ് സംബന്ധിച്ച് ആ റെയിൽവേ ഭരണകൂടത്തിന്റെ പരിസരത്തിൽ കുത്തന്നെ നിർത്തിയിരിക്കുന്നതോ പ്രദർശിപ്പിച്ചിരിക്കുന്നതോ ഉറപ്പിച്ചിരിക്കുന്നതോ വച്ചിരിക്കുന്നതോ ആയ യാതൊരു പരസ്യത്തിനും ബാധക മായിരിക്കുന്നതല്ല.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.