Skip to main content
[vorkady.com]

271എസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി ട്രൈബ്യൂണലുകൾ രൂപീകരിക്കൽ

(1) ഈ ആക്റ്റിന്റെ 276-ആം വകുപ്പു പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ആം വകുപ്പുപ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി നൽകുന്ന അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി സർക്കാർ ഓരോ ജില്ലയ്ക്കുവേണ്ടിയോ ഒന്നിലധികം ജില്ലകൾക്കുവേണ്ടിയോ ഒരു ട്രൈബ്യൂണൽ രൂപീകരിക്കേണ്ടതാണ്.

(2) ഒരു ട്രൈബ്യൂണലിൽ, കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്സുമായി കൂടിയാലോചിച്ചശേഷം വിജ്ഞാപനംമൂലം, സർക്കാർ നിയമിക്കുന്ന ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഒരു നീതിന്യായ വകുപ്പുദ്യോഗസ്ഥൻ ഉണ്ടായിരിക്കേണ്ടതാണ്.

(3) ട്രൈബ്യൂണലിന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച് 1908-ലെ സിവിൽ നടപടി നിയമത്തി (1908-ലെV-ആം കേന്ദ്ര ആക്റ്റിൻകീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-

(എ) ഏതെങ്കിലും ആളെ വിളിച്ചുവരുത്തുകയും ഹാജരാകാൻ നിർദ്ദേശിക്കുകയും പ്രതിജ്ഞാവാചകം ചൊല്ലി വിസ്തരിക്കുകയും ചെയ്യുക;

(ബി) ഏതെങ്കിലും പ്രമാണമോ അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റേതെങ്കിലും വസ്തുവോ കണ്ടുപിടിക്കുവാനും ഹാജരാക്കുവാനും ആവശ്യപ്പെടുക;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവു ശേഖരിക്കുക;

(ഡി) ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ആവശ്യപ്പെടുക

(ഇ) സാക്ഷികളെയോ പ്രമാണങ്ങളെ സംബന്ധിച്ചോ വിസ്തരിക്കുവാനായി കമ്മീഷനെ നിയമിക്കുക;

(4) ട്രൈബ്യൂണലിന്റെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇൻഡ്യൻ ശിക്ഷാനിയമത്തി (1860-ലെ 45-ആം കേന്ദ്ര ആക്റ്റി)ലെ 193-ഉം 228-ഉം വകുപ്പുകളുടെ അർത്ഥവ്യാപ്തിക്കുള്ളിലുള്ള ഒരു നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്. 

(5) സർക്കാർ തീരുമാനിക്കാവുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ട്രൈബ്യൂണലിനെ സഹായിക്കേണ്ടതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.