Skip to main content
[vorkady.com]

282. പഞ്ചായത്തുകൾ തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കൽ

A2[(1)രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ തമ്മിലോ അഥവാ, ഒരു ഗ്രാമപഞ്ചായത്തും ഒന്നോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, ഒരു ഗ്രാമ പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും തമ്മിലോ അഥവാ, ഒരു ജില്ലാ പഞ്ചായത്തും ഒന്നോ, അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകൾ തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ജില്ലാ പഞ്ചായത്തുകൾ തമ്മിലോ] ഈ ആക്റ്റിലേയോ മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഉണ്ടാകുന്ന ഏതെങ്കിലും കാര്യം സംബന്ധിച്ച ഒരു തർക്കം നിലവിലിരിക്കുകയും, തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകൾ അവരുടെ സ്വന്തം അഭിപ്രായാനുസരണം സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ ഇതിനുവേണ്ടി സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമൂലം, സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് സ്വയം ആ തർക്കം ഒത്തുതീർപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കാവുന്നതും അത് അപ്രകാരം ഒത്തുതീർപ്പാക്കാൻ കഴിയാതെ വരുന്നെങ്കിൽ, ഒരു റിപ്പോർട്ട് സഹിതം തീരുമാനത്തിനായി സർക്കാരിലേക്ക് അയയ്ക്കാവുന്നതുമാകുന്നു.

(2) (1)-ആം ഉപവകുപ്പിൻ കീഴിലുള്ള സർക്കാരിന്റെ ഏതൊരു തീരുമാനവും, തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ പഞ്ചായത്തുകൾക്കും ബാധകമാകുന്നതും ഏതെങ്കിലും നിയമ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാകുന്നു.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.