Skip to main content
[vorkady.com]

220. പൊതു വഴികൾ മുതലായവയിലോ അവയ്ക്കു മുകളിലോ നടത്തുന്ന നിർമ്മാണങ്ങൾക്ക് നിരോധനം

ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, യാതൊരാളും-

(എ) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ സ്ഥിരമായോ താല്ക്കാലികമായോ ഏതെങ്കിലും ചുമർ കെട്ടുകയോ വേലിയോ മറ്റു തടസ്സമോ ഉണ്ടാക്കുകയോ തള്ളിനില്ക്കുന്നവിധം എന്തെങ്കിലും പണിയുകയോ ഏതെങ്കിലും കയ്യേറ്റം നടത്തുകയോ;

E1[(ബി) നാഷണൽ ഹൈവേയോടോ സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേർന്നുകിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ തന്റെ ഭൂമിയുടെ റോഡിനോടു ചേർന്ന അതിരിൽ നിന്ന് മൂന്ന് മീറ്ററിനുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലല്ലാത്ത ഏതെങ്കിലും നിർമ്മാണമോ നടത്തുകയോ:

F3[എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ നിലനിൽക്കുന്ന കെട്ടിടത്തിനു മുകളിൽ ഒന്നാം നിലയോ രണ്ടാം നിലയോ രണ്ടും കൂടിയോ കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കുന്നതിന് പ്രസ്തുത മൂന്ന് മീറ്റർ ദൂരപരിധി ബാധകമാകുന്നതല്ല:

എന്നുമാത്രമല്ല, ഏതൊരു കെട്ടിടത്തിലേക്കും പ്രവേശിക്കുന്നതിനു മാത്രമായി ഉപയോഗിക്കാവുന്ന പാതയോ പാലമോ അതുപോലുള്ള മറ്റു നിർമ്മാണങ്ങളോ കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ള വെതർഷേഡോ സൺഷേഡോ പ്രസ്തുത മൂന്നു മീറ്റർ പരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കാവുന്നതാണ്:

എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗം ഏതെങ്കിലും നഗരാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു ബാക്കി വരുന്ന കെട്ടിടത്തിനെയോ പുതുതായി നടത്തുന്ന കുട്ടിച്ചേർക്കലിനേയോ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കേണ്ടതും, അതിന്റെ സുരക്ഷയും ഉറപ്പും സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം, കെട്ടിട ഉടമസ്ഥനിൽ ആയിരിക്കേണ്ടതും അയാൾ അപ്രകാരം പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു തന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നിർവ്വഹിക്കേണ്ടതും പ്രസ്തുത നിർമ്മാണത്തിന് യാതൊരു നഷ്ടപരിഹാരത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ലാത്തതും ഇതിലേക്കായി ഒരു സമ്മതപ്രതം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുമാണ്.]

(സി) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ എന്തെങ്കിലും കുഴി എടുക്കുകയോ എന്തെങ്കിലും സാധനം നിക്ഷേപിക്കുകയോ;

(ഡി) ഒരു പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതോ അതിന്റെ വകയായിട്ടുള്ളതോ ആയ മറ്റു സ്ഥാവര വസ്തുവിലോ നിന്ന് ഇരുപതുമീറ്ററിനുള്ളിൽ ഉള്ള ഏതെങ്കിലും സ്ഥലത്ത് കല്ലുവെട്ടാൻ കുഴി ഉണ്ടാക്കുകയോ കല്ലോ മണ്ണോ പാറയോ മറ്റു സാധനമോ ആ സ്ഥലത്തു നിന്ന് നീക്കം ചെയ്യുകയോ:
എന്നാൽ, ഈ ഖണ്ഡത്തിലുള്ള യാതൊന്നും തന്നെ ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായത്തിൽ ഉത്തമവിശ്വാസത്തോടെയുള്ള ഒരു കാർഷികപ്രവർത്തനം സംബന്ധിച്ച നടത്തപ്പെടുന്ന ഏതെങ്കിലും പണിയെ ബാധിക്കുന്നതായി കരുതാൻ പാടില്ല.

(ഇ) ഏതെങ്കിലും ഓവുചാലിന്റെയോ ഓടയുടെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ മീതെ എന്തെങ്കിലും എടുപ്പ് പണിയുകയോ;

(എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ പഞ്ചായത്തിന്റെ വകയായതോ ആയ മറ്റു വസ്തുവിലോ ഏതെങ്കിലും വൃക്ഷം വച്ചുപിടിപ്പിക്കുകയോ,

(ജി) അപ്രകാരമുള്ള ഏതെങ്കിലും പൊതുവഴിയോ മറ്റു വസ്തുവോ ഏതെങ്കിലും പുറമ്പോക്കോ ഭൂമിയോ ഉപയോഗിക്കുന്നത് ഒരു ഗ്രാമപഞ്ചായത്ത് നിയന്ത്രിച്ചിരിക്കുകയും അതിന്റെ അവകാശം ആ ആളിൽ നിക്ഷിപ്തമായിരിക്കുകയോ അത് അയാളുടെ വകയായിരിക്കുകയോ ചെയ്യുന്നുവെന്ന് സ്ഥാപിച്ചിട്ടില്ലാതിരിക്കുകയും ചെയ്താൽ, അവിടെ വളരുന്ന ഏതെങ്കിലും വൃക്ഷം മുറിക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ വെട്ടുകയോ ചെത്തുകയോ അതിന്റെ തോൽ ഉരിക്കുകയോ അല്ലെങ്കിൽ അതിന്റെ ഇലകളോ കായ്ക്കകളോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ അതിന് മറ്റു വിധത്തിൽ നാശം വരുത്തുകയോ, ചെയ്യാൻ പാടില്ലാത്തതാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
F3. 2000-ലെ 13-ആം ആക്റ്റ് പ്രകാരം വീണ്ടം ഭേദഗതി ചെയ്തു. 28.10.2013 മുതൽ പ്രാബല്യത്തില്‍ വന്നു.