Skip to main content
[vorkady.com]

175. പഞ്ചായത്തുകൾ വികസനപദ്ധതികൾ തയ്യാറാക്കൽ

E1[(1) ഓരോ തലത്തിലുള്ള പഞ്ചായത്തും ഓരോ വർഷവും നിർണ്ണയിക്കപ്പെട്ട ഫാറത്തിലും രീതിയിലും തൊട്ടടുത്ത വർഷത്തേക്ക് അതതു പഞ്ചായത്തു പ്രദേശത്തിനുവേണ്ടി, അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകളുടെകാര്യത്തിൽ, ഒരു വികസന പദ്ധതി തയ്യാറാക്കേണ്ടതും അതു നിർണ്ണയിക്കപ്പെട്ട തീയതിക്കു മുമ്പായി ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.

(2) ഗ്രാമപഞ്ചായത്ത്, വികസന പദ്ധതി തയ്യാറാക്കുന്നത് ഗ്രാമസഭകൾ അതിനു സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കേണ്ടതാണ്.

(3) കരടു വികസനപദ്ധതിയിൽ, സർക്കാർ വിനിർദ്ദേശിച്ചിട്ടുള്ള മേഖല തിരിച്ചുള്ള മുൻഗണനയും സബ്സിഡിക്കുള്ള മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നോ പട്ടികജാതി-പട്ടികവർഗ്ഗ വികസനത്തിനുള്ള പദ്ധതികൾക്ക് ആവശ്യമായ തുകകൾ പ്രത്യേകമായി വകകൊള്ളിച്ചിട്ടില്ലെന്നോ, പദ്ധതി തയ്യാറാക്കിയത് ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ചല്ലെന്നോ ഉള്ള കാരണത്താൽ കരടു വികസന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുവാൻ ജില്ലാ ആസൂത്രണ കമ്മിറ്റി നിർദ്ദേശിക്കുകയാണെങ്കിൽ, അപ്രകാരമുള്ള മാറ്റങ്ങൾ വരുത്തുവാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.

(4) പഞ്ചായത്ത് വാർഷിക പദ്ധതികൾക്കും പഞ്ചവൽസര പദ്ധതികൾക്കും പുറമേ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനുവേണ്ടി, *സ്പെഷ്യൽ പ്ലാനിംഗിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടും വിഭവസമ്പത്തും തുടർന്നുള്ള വികസനത്തിന്റെ ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടും, പതിനഞ്ചു വർഷക്കാലത്തേക്ക് ദീർഘവീക്ഷണത്തോടുകൂടിയ ഒരു പദ്ധതി തയ്യാറാക്കേണ്ടതും അപ്രകാരമുള്ള പദ്ധതി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.]

(5) ഇപ്രകാരമുള്ള വികസന പദ്ധതികളുടെ അന്തിമതീരുമാനം ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിന് വളരെ മുൻപ് തന്നെ കൈക്കൊളേളണ്ടതാണ്.

E1[(6) ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വികസന പദ്ധതിയുടെ പകർപ്പ് അതിന്റെ പ്രദേശം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിനും, ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ വികസന പദ്ധതിയുടെ പകർപ്പ് അതിന്റെ പ്രദേശമുൾപ്പെടുന്ന ജില്ലാ പഞ്ചായത്തിനും അയച്ചു കൊടുക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
* "Spatial" എന്നാണ് ഇംഗ്ലീഷ് പരിഭാഷയില്‍ കാണുന്നത്.