Skip to main content
[vorkady.com]

102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ

(1)(2)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക് -

(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പ തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്നില്ലെന്നോ അയോഗ്യനായിരുന്നുവെന്നോ, അല്ലെങ്കിൽ

(ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അഥവാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നോ, അല്ലെങ്കിൽ

(സി) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി നിരസിക്കപ്പെട്ടിട്ടുണ്ടെന്നോ, അല്ലെങ്കിൽ

L[(സിഎ) തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി 52-ആം വകുപ്പ് (1) ഉപവകുപ്പ് പ്രകാരം സമർപ്പിച്ച വിവരങ്ങൾ വ്യാജമാണെന്നോ, അല്ലെങ്കിൽ]

(ഡി) തിരഞ്ഞെടുപ്പു ഫലത്തെ, അത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ സംബന്ധിച്ചിടത്തോളം -

(i) ഏതെങ്കിലും നാമനിർദ്ദേശം അനുചിതമായി സ്വീകരിച്ചതോ, അല്ലെങ്കിൽ (ii) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ താല്പര്യങ്ങൾക്കുവേണ്ടി അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റെല്ലാത്ത ഒരു ഏജന്റ് ചെയ്ത ഏതെങ്കിലും അഴിമതി പ്രവൃത്തിയോ, അല്ലെങ്കിൽ

(iii) ഏതെങ്കിലും വോട്ട് അനുചിതമായി സ്വീകരിക്കുകയോ നിരസിക്കുകയോ തിരസ്കരിക്കുകയോ ചെയ്തതോ അല്ലെങ്കിൽ അസാധുവായ ഏതെങ്കിലും വോട്ട് സ്വീകരിച്ചതോ, അല്ലെങ്കിൽ

(iv) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഉത്തരവുകളിലേയോ വ്യവസ്ഥകൾ പാലിക്കാതിരുന്നതോ, സാരമായി ബാധിച്ചിട്ടുണ്ടെന്നോ, അഭിപ്രായമുള്ളപക്ഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി പ്രഖ്യാപിക്കേണ്ടതാണ്.

(2) കോടതിയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ് ഏജൻറ്റ്ലാത്ത ഒരു ഏജന്റുവഴി ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധിയായിരിക്കുകയും, എന്നാൽ

(എ) അങ്ങനെയുള്ള യാതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പിൽ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ള ഏതൊരു അഴിമതി പ്രവൃത്തിയും സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ ഉത്തരവില്ലാതെയും സമ്മതം കൂടാതെയും ആണ് ചെയ്തതെന്നും;

(ബി) തിരഞ്ഞെടുപ്പിൽ അഴിമതിപ്രവൃത്തികൾ ചെയ്യുന്നത് തടയാൻ സ്ഥാനാർത്ഥിയും അയാളുടെ തിരഞ്ഞെടുപ്പ് ഏജൻറും ന്യായമായ എല്ലാ മാർഗ്ഗങ്ങളും കൈക്കൊണ്ടുവെന്നും

(സി) മറ്റെല്ലാ വിധത്തിലും തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥിയുടേയോ അയാളുടെ ഏജന്റുമാരിൽ ആരുടെയെങ്കിലുമോ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയിൽനിന്നും വിമുക്തമായിരുന്നു എന്നും, കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ, കോടതിക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവല്ലെന്ന് തീരുമാനിക്കാവുന്നതാണ്.

വിശദീകരണം - ഈ വകുപ്പിൽ 'ഏജന്റ്' എന്ന പദത്തിന് 120-ആം വകുപ്പിലെ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.


L. 2005ലെ30-ആം ആക്റ്റ്പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 22.08.2005 മുതൽ പ്രാബല്യത്തിൽ വന്നു