Skip to main content
[vorkady.com]

Q,E1[219.എസ്. ചവറോ മാലിന്യമോ വിസർജ്ജ്യ വസ്തുക്കളോ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം

(1) 218-ആം വകുപ്പ് (1)-ആം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമായ ഒരു പൊതു ജലമാർഗ്ഗത്തിലോ ജലാശയത്തിലോ അപ്രകാരമുള്ള ഏതെങ്കിലും ജലസ്രോതസ്സിലോ യാതൊരാളും ചവറോ മാലിന്യമോ വിസർജ്ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ അതിലേക്ക് മലിനജലം ഒഴുക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ ജലം ദുഷിപ്പിക്കുകയോ, അത്തരം ഒരു പ്രവൃത്തി ചെയ്യുന്നതിനു ആരെയെങ്കിലും നിയമിക്കുകയോ, നിയോഗിക്കുകയോ, നിർബന്ധിക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. 

(2) (1)-ആം ഉപവകുപ്പ് പ്രകാരമുള്ള ഒരു കുറ്റം കോഗ്നൈസിബിളും ജാമ്യം ഇല്ലാത്തതുമായിരിക്കുന്നതാണ്.

(3) (1)-ആം ഉപവകുപ്പിൽ പരാമർശിക്കുന്ന ഒരു കുറ്റം ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ പതിനായിരം രൂപയിൽ കുറയാതെയും ഇരുപത്തയ്യായിരം രൂപയിൽ കവിയാതെയുമുള്ള പിഴയും, ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കവിയാതെയുമുള്ള കാലത്തേക്ക് തടവും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.

Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു. 07.10.2009 മുതൽ പ്രാബല്യത്തില്‍ വന്നു.