Skip to main content
[vorkady.com]

249. പഞ്ചായത്തുകളുടെ അധികാരികൾക്കും ഉദ്യോഗസ്ഥൻമാർക്കുമെതിരെ വ്യവഹാരങ്ങളും മറ്റും ആരംഭിക്കൽ

(1) ഈ ആക്റ്റൂ് പ്രകാരം തന്റെ അഥവാ അതിന്റെ ഔദ്യോഗിക ക്ഷമതയനുസരിച്ച ചെയ്യുന്നതോ ചെയ്യുന്നതായി കരുതുന്നതോ ആയ, ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച ഒരു പഞ്ചായത്തിനെതിരെയോ, പ്രസിഡന്റിനെതിരെയോ, വൈസ് പ്രസിഡന്റിനെതിരെയോ, ഏതെങ്കിലും അംഗത്തിനെതിരെയോ, ജീവനക്കാരനെതിരെയോ അല്ലെങ്കിൽ പഞ്ചായത്തിന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ ജീവനക്കാരന്റെയോ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കെതിരെയോ യാതൊരു വ്യവഹാരമോ സിവിൽ നടപടികളോ,-

(എ) വ്യവഹാരകാരണം, ഉദ്ദിഷ്ടവാദിയുടെ പേർ, താമസസ്ഥലം ഇവ കാണിച്ചുകൊണ്ടും താൻ അവകാശപ്പെടുന്ന പരിഹാരത്തിന്റെ സ്വഭാവം എന്താണെന്ന് കാണിച്ചുകൊണ്ടും, രേഖാമൂലം നോട്ടീസ് നൽകി ഒരു മാസം തികയുന്നതിനുമുൻപ് വ്യവഹാരം ബോധിപ്പിക്കാൻ പാടില്ലാത്തതും പ്രസ്തുത നോട്ടീസ് ഒരു പഞ്ചായത്തിന്റെ സംഗതിയിൽ പഞ്ചായത്തിന്റെ ആഫീസിൽ കൊടുക്കുകയോ, വച്ചിട്ടുപോവുകയോ ഒരു അംഗത്തിന്റെയോ ജീവനക്കാരന്റെയോ, ആളിന്റെയോ സംഗതിയിൽ മേൽപറഞ്ഞ പ്രകാരം അയാളുടെ ആഫീസിലോ, അയാളുടെ സാധാരണ താമസസ്ഥലത്തോ കൊടുക്കുകയോ വച്ചിട്ടുപോവുകയോ ചെയ്യേണ്ടതും അപ്രകാരമുള്ള സംഗതിയിൽ പ്രസ്തുതനോട്ടീസ് അങ്ങനെ നല്കിയെന്നോ അഥവാ വച്ചിട്ടുപോന്നുവെന്നോ ഉള്ള ഒരു പ്രസ്താവന ആ അന്യായത്തിൽ ഉണ്ടായിരിക്കേണ്ടതും ആകുന്നു; അഥവാ

(ബി) ഒരു വ്യവഹാരം സ്ഥാവരവസ്തു വീണ്ടെടുക്കുന്നതിനുള്ളതോ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുള്ളതോ അല്ലാത്ത പക്ഷം, അത് ആരോപിതമായ വ്യവഹാര കാരണം ഉദിച്ചതിനു ആറു മാസത്തിനകം നൽകേണ്ടതുമാണ്.

(2) (1)-ആം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന നോട്ടീസ്, അത് പഞ്ചായത്തിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കിൽ സെക്രട്ടറിയെ അഭിസംബോധന ചെയ്തതുകൊണ്ടുള്ളതായിരിക്കണം.

(3) (1)-ആം ഉപവകുപ്പു പ്രകാരം നോട്ടീസ് നൽകപ്പെട്ട ഏതെങ്കിലും പഞ്ചായത്തോ, ആളോ, നടപടികൾ ആരംഭിക്കുന്നതിനു മുമ്പോ തുകകൾ നൽകാൻ തയ്യാറാവുകയും അങ്ങനെയുള്ള നടപടികളിൽ വാദിക്ക് അങ്ങനെ നൽകാൻ തയ്യാറായിട്ടുള്ള തുകകളിൽ കൂടുതൽ ആവശ്യമില്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം അങ്ങനെ നൽകാൻ തയ്യാറായതിനു ശേഷം തനിക്കുണ്ടായ എന്തെങ്കിലും ചെലവ് അയാൾ ഈടാക്കാൻ പാടില്ലാത്തതും നൽകാൻ തയ്യാറായതിനു ശേഷം പഞ്ചായത്തിനുണ്ടാകുന്ന എല്ലാ ചെലവുകളും കൂടി വാദി കൊടുക്കേണ്ടതുമാണ്.