123. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കലക്കമുണ്ടാക്കുന്നത്
(1) ഈ വകുപ്പ് ബാധകമാകുന്ന ഒരു പൊതുയോഗത്തിൽ ഏതു കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടിയാണോ ആ യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത് ആ കാര്യങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
(2) ഏതെങ്കിലും നിയോജകമണ്ഡലത്തോട്, ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ ആക്റ്റിൻ കീഴിലെ ഒരു വിജ്ഞാപനം, പുറപ്പെടുവിക്കുന്ന തീയതിക്കും അങ്ങനെയുള്ള തിരഞ്ഞെടുപ്പു നടത്തപ്പെടുന്ന തീയതിക്കും ഇടയ്ക്ക്, ആ നിയോജകമണ്ഡലത്തിൽ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഈ വകുപ്പ് ബാധകമാകുന്നതാണ്.
(3) ഏതെങ്കിലും ആൾ, (1-ആം ഉപവകുപ്പിൻ കീഴിൽ ഒരു കുറ്റം ചെയ്യുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുന്നുവെങ്കിൽ ആ ആളോട് ഉടൻ തന്നെ അയാളുടെ പേരും മേൽവിലാസവും പ്രഖ്യാപിക്കുന്നതിന് ആവശ്യപ്പെടാൻ യോഗത്തിലെ അദ്ധ്യക്ഷൻ തന്നോട് അപേക്ഷിക്കുന്നുവെങ്കിൽ ആ പോലീസ് ഉദ്യോഗസ്ഥന് അപ്രകാരം ആവശ്യപ്പെടാവുന്നതും, ആ ആൾ അപ്രകാരം പേരും മേൽവിലാസവും പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയോ പ്രഖ്യാപിക്കാതിരിക്കുകയോ അല്ലെങ്കിൽ അയാൾ വ്യാജമായ പേരോ മേൽവിലാസമോ നല്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ ന്യായമായി സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പോലീസ് ഉദ്യോഗസ്ഥന് അയാളെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.
No Comments