Skip to main content
[vorkady.com]

182. E1[സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും]

ഈ ആക്റ്റിലെ വ്യവസ്ഥകൾക്കും അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി സെക്രട്ടറി E1[പഞ്ചായത്തിന്റെ കാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്,] -

(i) പഞ്ചായത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഉപദേശക നിലയിൽ മാത്രം ചർച്ചകളിൽ പങ്കെടുക്കാവുന്നതും, എന്നാൽ ഒരു പ്രമേയം അവതരിപ്പിക്കുവാനോ വോട്ട് ചെയ്യുവാനോ അവകാശമുണ്ടായിരിക്കുന്നതല്ലാത്തതും:

E1[എന്നാൽ, സെക്രട്ടറി പഞ്ചായത്തിന്റെ പരിഗണനയ്ക്കു വരുന്ന ഏതൊരു സംഗതിയിലും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും, അജണ്ടയിലെ ഓരോ ഇനവും സെക്രട്ടറിയുടെ വ്യക്തമായ അഭിപ്രായം സഹിതം പഞ്ചായത്തിന്റെ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്:

എന്നുമാത്രമല്ല, പഞ്ചായത്ത് പാസാക്കിയ ഏതൊരു പ്രമേയവും, (iii)-ആം ഖണ്ഡപ്രകാരം സർക്കാരിന് റഫർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി കരുതുകയാണെങ്കിൽ, അദ്ദേഹം ആ അഭിപ്രായം എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.]

(ii) പഞ്ചായത്തിന്റെ ഏത് കമ്മിറ്റിയുടെയും യോഗത്തിൽ അതിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ആവശ്യപ്പെട്ടാൽ പങ്കെടുക്കേണ്ടതും;

(iii) പഞ്ചായത്തിന്റെ പ്രമേയങ്ങൾ നടപ്പിൽ വരുത്തേണ്ടതും ആകുന്നു.

E1[എന്നാൽ, പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ, ഈ ആക്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം നൽകിയിട്ടുള്ള അധികാരസീമ ലംഘിച്ചതാണെന്നോ അല്ലെങ്കിൽ അത് നടപ്പാക്കിയാൽ മനഷ്യജീവനോ ആരോഗ്യത്തിനോ പൊതു സുരക്ഷക്കോ അപ്രകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ളപക്ഷം, അദ്ദേഹം ആ പ്രമേയം പുനരവലോകനം ചെയ്യാൻ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും, പഞ്ചായത്ത് അത് പുനരവലോകനം ചെയ്യുന്ന സമയത്ത് തന്റെ അഭിപ്രായങ്ങൾ പറയേണ്ടതും അതിനുശേഷവും പഞ്ചായത്ത് അതിന്റെ ആദ്യതീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ, വിവരം പ്രസിഡന്റിനെ അറിയിച്ചശേഷം, സംഗതി തീരുമാനത്തിനായി സർക്കാരിന് റഫർ ചെയ്യേണ്ടതും, പതിനഞ്ച് ദിവസംവരെ സർക്കാരിന്റെ തീരുമാനം ലഭിക്കാതിരുന്നാൽ പ്രസ്തുത പ്രമേയം നടപ്പിലാക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.]

(iv) പ്രസിഡന്റിന്റെ പൊതുവായുള്ള മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായി പഞ്ചായത്തിന്റെ കീഴിൽ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥൻമാരേയും ജീവനക്കാരേയും നിയന്ത്രിക്കേണ്ടതാണ്;

(v) ഈ ആക്റ്റ് മൂലമോ അതിൻകീഴിലോ സെക്രട്ടറിക്ക് പ്രത്യേകമായി ചുമത്തിയതോ നൽകി തോ ആയ എല്ലാ കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതും എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുമാണ്.

A2[(vi) പ്രസിഡന്റ് ഏൽപ്പിച്ചുകൊടുക്കുന്ന ചെലവുകൾ ചെയ്യേണ്ടതാണ്;

(vii) പഞ്ചായത്ത് അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കുമുള്ള തുകകൾ ചെക്കായോ പണമായോ നൽകേണ്ടതാണ്;

(viii) പഞ്ചായത്ത് ഫണ്ടിന്റെ സുരക്ഷിതമായ സൂക്ഷിപ്പിന് ഉത്തരവാദിയായിരിക്കുന്നതാണ്;

(ix) പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്;

(x) പഞ്ചായത്ത് യോഗങ്ങളുടെയും നടപടി ക്രമങ്ങളുടെയും രേഖകൾ സൂക്ഷിക്കേണ്ടതാണ്; കൂടാതെ

(xi) 180-ആം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുവാൻ അധികാരമുണ്ടായിരിക്കുന്നതുമാണ്.]

E1[(xii) തൊട്ടടുത്ത മാസത്തിലെ പത്താം തീയതിക്കുമുൻപോ, അല്ലെങ്കിൽ തൊട്ടടുത്ത മാസത്തിലെ ആദ്യത്തെ യോഗത്തിലോ, പഞ്ചായത്തിന്റെ മാസ അക്കൗണ്ടുകൾ ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി മുൻപാകെ വയ്ക്കക്കേണ്ടതാണ്;

(xiii) വാർഷിക അക്കൗണ്ടും തൊട്ടുമുമ്പത്തെ സാമ്പത്തികവർഷത്തിലെ ഡി. സി. ബി. സ്റ്റേറ്റുമെന്‍റും തയ്യാറാക്കേണ്ടതും, അടുത്ത സാമ്പത്തിക വർഷം ജൂൺ മുപ്പതാം തീയതിക്കു മുമ്പായി പഞ്ചായത്ത് മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്; 

(xiv) സർക്കാരോ ഏതെങ്കിലും ആഡിറ്റ് അധികാരിയോ ആവശ്യപ്പെടുമ്പോൾ റിട്ടേണുകളും അക്കൗണ്ടുകളും സ്റ്റേറ്റുമെന്‍റും മറ്റു വിവരങ്ങളും നൽകേണ്ടതാണ്;

(xv) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയോ പരിശോധിപ്പിക്കുകയോ ചെയ്യേണ്ടതാണ്;

(xvi) പഞ്ചായത്തിന്റേയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടേയും നിർവ്വഹണകമ്മിറ്റികളുടേയും അതുപോലെയുള്ള മറ്റു കമ്മിറ്റികളുടേയും ഗ്രാമസഭയുടേയും റിക്കാർഡുകൾ സൂക്ഷിക്കേണ്ടതാണ്; 

(xvii) വാർഷിക പദ്ധതികളും പഞ്ചവൽസര പദ്ധതികളും തയ്യാറാക്കുന്നത് സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് അത് അംഗീകരിക്കത്തക്കവിധത്തിൽ സമന്വയിപ്പിക്കേണ്ടതാണ്;

(xvi) പദ്ധതിക്കുവേണ്ട ഫണ്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുകയും സർക്കാർ ഉത്തരവനുസരിച്ചുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അതിന് നൽകേണ്ടതുമാണ്;]


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.