Skip to main content
[vorkady.com]

235സി. പ്രത്യേക തെരുവുകളിലോ സ്ഥലങ്ങളിലോ ചില വിഭാഗങ്ങളിൽപ്പെട്ട കെട്ടിടങ്ങൾ മേലാൽ നിർമ്മിക്കുന്നതു നിയന്ത്രിക്കുവാൻ ഗ്രാമ പഞ്ചായത്തിനുള്ള അധികാരം

(1) (എ.) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവിലോ തെരുവുകളുടെ ഭാഗങ്ങളിലോ,-

(i) തുടർച്ചയായുള്ള കെട്ടിടം അനുവദിക്കുന്നതാണെന്നും,

(ii) അതിനുശേഷം നിർമ്മിക്കുന്നതോ പുനർനിർമ്മിക്കുന്നതോ ആയ എല്ലാ കെട്ടിടങ്ങളുടെയും മുൻഭാഗത്തിന്റെ ഉയരവും നിർമ്മാണവും ശില്പകലാപരമായ അവയുടെ രൂപവിശേഷങ്ങളെ സംബന്ധിച്ചിടത്തോളം ആ സ്ഥലത്തിനു പറ്റിയതായി ഗ്രാമപഞ്ചായത്ത് കരുതുന്ന പ്രകാരം ആയിരിക്കണമെന്നും, അല്ലെങ്കിൽ

(ബി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ തൊട്ടു കിടക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണം മാത്രം അനുവദിക്കുന്നതാണെന്നും, അല്ലെങ്കിൽ

(സി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവുകളിലോ തെരുവുകളുടെയോ സ്ഥലങ്ങളുടെയോ ഭാഗങ്ങളിലോ കടകളോ പണ്ടകശാലകളോ ഫാക്ടറികളോ കുടിലുകളോ അഥവാ ശില്പകലാപരമായി പ്രത്യേക സ്വഭാവമുള്ള കെട്ടിടങ്ങളോ പ്രത്യേക ഉപയോഗങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങളോ നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക അനുവാദമില്ലാതെ അനുവദിക്കുന്നതല്ലെന്നും, പ്രഖ്യാപിക്കുവാനുള്ള തങ്ങളുടെ ഉദ്ദേശത്തെപ്പറ്റി ഗ്രാമപഞ്ചായത്തിന് പൊതു നോട്ടീസ് നൽകാവുന്നതാണ്.

(2) അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനം സംബന്ധിച്ചുള്ള യാതൊരു ആക്ഷേപവും ആ നോട്ടീസിന്റെ പ്രസിദ്ധീകരണം മുതൽ മൂന്നു മാസക്കാലത്തിനുശേഷം സ്വീകരിക്കുവാൻ പാടുള്ളതല്ല.

(3) ഗ്രാമപഞ്ചായത്ത് മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ കിട്ടുന്ന എല്ലാ ആക്ഷേപങ്ങളും പരിഗണിക്കേണ്ടതും, പ്രഖ്യാപനം ഭേദഗതി ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്യാവുന്നതും, എന്നാൽ ഭേദഗതി ചെയ്യുന്നത് പ്രഖ്യാപനത്തിന്റെ പ്രാബല്യം വ്യാപിപ്പിക്കുന്ന വിധത്തിലായിരിക്കാൻ പാടില്ലാത്തതുമാണ്.

(4) അപ്രകാരം സ്ഥിരീകരിച്ചിട്ടുള്ള ഏത് പ്രഖ്യാപനവും സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും, അതിന് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്.

(5)(4)-ആം ഉപവകുപ്പിൻ കീഴിലുള്ള പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കുശേഷം യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനത്തിനു വിരുദ്ധമായി യാതൊരു കെട്ടിടവും നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.