Skip to main content
[vorkady.com]

E2[162. സ്റ്റാന്റിംഗ് കമ്മിറ്റികൾ

(1) ഓരോ പഞ്ചായത്തിലും താഴെ പറയും പ്രകാരമുള്ള സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്, അതായത്:-

(എ) ഒരു ഗ്രാമപഞ്ചായത്തിൽ 

(1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
(2) വികസന സ്റ്റാന്റിംഗ് കമ്മിറ്റി
(3) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
Q[(4) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി]

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിൽ 

(1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി                                                  
(2) വികസന സ്റ്റാന്റിംഗ് കമ്മിറ്റി                                                            
(3) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി                                                              
Q[(4) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി]

(സി) ഒരു ജില്ലാ പഞ്ചായത്തിൽ

(1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
(2) വികസന സ്റ്റാന്റിംഗ് കമ്മിറ്റി
(3) പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി                                                                   
(4) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി                                                                  
(5) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

Q[(2) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും അതിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ നിർണ്ണയിക്കപ്പെട്ട പ്രകാരം ആയിരിക്കേണ്ടതും ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും (4)-ആം ഉപവകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളിൽ ഒരാളുടെ സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെടേണ്ടതും, പ്രസിഡന്റും വൈസ്പ്രസിഡന്‍റും ഒഴികെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടതുമാണ്.]

Q[(3) xxxx]

(4) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം തെരഞ്ഞെടുക്കുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതും ഒരംഗം ഒരേ സമയം ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതുമാകുന്നു.

Q[(4എ) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.]

(5) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ അതതു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ അവരുടെ ഇടയിൽനിന്നും തെരഞ്ഞെടുക്കേണ്ടതാണ്.

Q[(5എ.) (i) വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കേണ്ടതാണ്:

എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവ രണം ചെയ്തിട്ടില്ലാത്ത സംഗതിയിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്.

(ii) സംവരണം ചെയ്യപ്പെടുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനുശേഷവും, ആവർത്തനക്രമത്തിൽ, 162-ആം വകുപ്പ് (1)-ആം ഉപവകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമമനുസരിച്ച വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വീതിച്ചു നൽകേണ്ടതാണ്.

(5ബി) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെ മറ്റേതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണ്ണയിക്കപ്പെട്ടപ്രകാരം തെരഞ്ഞെടുക്കേണ്ടതും അതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിലേയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതുമാണ്.]

 (6) വൈസ് പ്രസിഡന്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ എക്സ്ഒഫിഷ്യോ അംഗവും ചെയർമാനുമായിരിക്കുന്നതും പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലും വോട്ടവകാശമില്ലാത്ത എക്സ്ഒഫിഷ്യോ അംഗമായിരിക്കുന്നതുമാണ്.

(7) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ്ഒഫിഷ്യോ അംഗമല്ലാത്ത ഒരംഗത്തിനും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനും, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, അതതു സംഗതിപോലെ, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻസ്ഥാനമോ രാജിവയ്ക്കാവുന്നതും സെക്രട്ടറിക്ക് അത് ലഭിക്കുന്ന തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും സെക്രട്ടറി അക്കാര്യം ഉടൻതന്നെ പ്രസിഡന്റിനെയും പഞ്ചായ ത്തിനെയും Q[സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും] അറിയിക്കേണ്ടതുമാണ്.

(8) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്വമോ ചെയർമാൻ സ്ഥാനമോ രാജിവയ്ക്കുന്ന ആൾ തന്റെ രാജി നേരിട്ടോ, അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ അങ്ങനെയുള്ള രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റായോ സെക്രട്ടറിക്ക്, അതതു സംഗതിപോലെ നൽകുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതും അത് കിട്ടിയതിന് സെക്രട്ടറി അക്നോളജ്മെന്റ് നൽകേണ്ടതുമാണ്.

9) ഈ ആക്റ്റിൽ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ അതിലെ അംഗത്തിന്റെയോ കാലാവധി ആ പഞ്ചായത്തിന്റെ കാലാവധിക്ക് സഹ വർത്തകമായിരിക്കുന്നതാണ്.

(10) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ സ്ഥാനത്തുണ്ടാകുന്ന ആകസ്മിക ഒഴിവ് നികത്താനുള്ള തിരഞ്ഞെടുപ്പ് ആ ഒഴിവുണ്ടായി മുപ്പത് ദിവസത്തിനകം നടത്തേണ്ടതാണ്.

എന്നാൽ, ഒരു പഞ്ചായത്തംഗത്തിന്റെ സ്ഥാനത്ത് ഒഴിവുണ്ടായിരിക്കുന്നതുമൂലം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവു നികത്താൻ കഴിയാത്ത സംഗതിയിൽ, പഞ്ചായത്തംഗത്തിന്റെ ഒഴിവ് നികത്തി മുപ്പതു ദിവസത്തിനകം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവ് നികത്തേണ്ടതാണ്. 

(11) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് ആകസ്മിക ഒഴിവുണ്ടായാൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അതിലെ ഒരംഗത്തെ അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കേണ്ടതാണ്.

(12) നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാവുന്നതും അപ്രകാരമുള്ള പ്രമേയം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ആകെയുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിൽ കുറയാതെയുള്ളവരുടെ പിന്തുണയോടുകൂടി പാസ്സാക്കുകയാ ണ്ടെങ്കിൽ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാന്റെ ഉദ്യോഗം അവസാനിക്കുന്നതും അദ്ദേഹം സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻസ്ഥാനം ഉടൻ ഒഴിഞ്ഞതായി കണക്കാക്കേണ്ടതുമാണ്.


Q. 2009-ലെ31-ആംആക്റ്റ് പ്രകാരംവീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തില്‍ വന്നു.