Skip to main content
[vorkady.com]

E1[192. പഞ്ചായത്തിന്റെ ഭരണ റിപ്പോർട്ട്

(1) ഓരോ പഞ്ചായത്തും ഓരോ വർഷവും സർക്കാർ നിർദ്ദേശിക്കുന്ന ഫാറത്തിൽ അപ്രകാരമുള്ള വിശദാംശങ്ങൾ സഹിതം, അതിന്റെ ഭരണത്തെ സംബന്ധിച്ച ഒരു റിപ്പോർട്ട് ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം തയ്യാറാക്കി തുടർന്നു വരുന്ന വർഷം സെപ്റ്റംബർ മുപ്പതാം തീയതിക്കകം പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസ്തുത സമയ പരിധിക്കുള്ളിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താത്തപക്ഷം, അതിനുശേഷം പഞ്ചായത്തിനു നൽകാനുള്ള ഗ്രാന്റുകൾ സർക്കാരിന് തടഞ്ഞു വയ്ക്കാവുന്നതുമാണ്.

(2) പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളേയും ഓഫീസുകളേയും സംബന്ധിച്ച ഭരണ റിപ്പോർട്ടിന്റെ കരട് അപ്രകാരമുള്ള സ്ഥാപനങ്ങളുടെയും ആഫീസുകളുടെയും തലവൻമാർ തയ്യാറാക്കേണ്ടതും, പഞ്ചായത്ത് സെക്രട്ടറിക്ക് നൽകേണ്ടതും, അദ്ദേഹം പഞ്ചായത്തിന്റെ പ്രസിഡന്റുമായി കൂടിയാലോചിച്ചശേഷം ആ പഞ്ചായത്തിന്റെ ഭരണ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കേണ്ടതും അത് പഞ്ചായത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.

(3) ഒരു ജില്ലയ്ക്കകത്തുള്ള പഞ്ചായത്തുകൾ അവയുടെ ഭരണ റിപ്പോർട്ട് അംഗീകരിച്ച പ്രസിദ്ധപ്പെടുത്തിയ ഉടൻ തന്നെ ജില്ലാ തലത്തിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതും കൂടാതെ ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും അവയുടെ ഭരണ റിപ്പോർട്ട് ജില്ലാ പഞ്ചായത്തിന് നൽകേണ്ടതുമാണ്.

(4) സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ എല്ലാ വർഷവും ഡിസംബർ 31-ആം തീയതിക്കു മുമ്പായി ജില്ലയിലുള്ള ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണ റിപ്പോർട്ടിന്റെ സംഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമാഹൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കേണ്ടതാണ്.

(5) സർക്കാർ, സമാഹൃത റിപ്പോർട്ട് ലഭിച്ചശേഷം അത് കഴിയുന്നതും വേഗം സർക്കാരിന്റെ ഒരു അവലോകന റിപ്പോർട്ടോടുകൂടി നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ നിയമസഭ മുമ്പാകെ വയ്ക്കക്കേണ്ടതും, അപ്രകാരം വയ്ക്കുന്നത് ആദ്യദിവസം മുതൽ നാൽപ്പത്തിയഞ്ചു ദിവസത്തിനകമായിരിക്കേണ്ടതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.