Skip to main content
[vorkady.com]

235എക്സ്. ചില സംഗതികളിൽ കെട്ടിടങ്ങളോ പണികളോ നിറുത്തിവയ്ക്കക്കുന്നതിനുള്ള ഉത്തരവ്

(1) സെക്രട്ടറിയുടെ അനുവാദം വാങ്ങാതെയോ ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനത്തിന് വിരുദ്ധമായോ ഈ ആക്റ്റിലെയോ അതിൻകീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ട ത്തിലെയോ ബൈലായിലെയോ ഏതെങ്കിലും വ്യവസ്ഥയോ അഥവാ ഈ ആക്റ്റോ ചട്ടങ്ങളോ ബൈലാകളോ പ്രകാരം നിയമാനുസൃതം നൽകിയിട്ടുള്ള ഏതെങ്കിലും നിർദ്ദേശമോ ആവശ്യപ്പെട്ട കാര്യമോ ലംഘിച്ചുകൊണ്ടോ ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ ഏതെങ്കിലും പണി നടത്തുകയോ നടത്താൻ തുടങ്ങിയിരിക്കുകയോ അല്ലെങ്കിൽ കെട്ടിട നിർമ്മാണമോ പണിയോ നടന്നു കൊണ്ടിരിക്കുകയോ(എന്നാൽ പൂർത്തിയാക്കിയിട്ടില്ലാതിരിക്കുകയോ) ചെയ്യുന്നപക്ഷം സെക്രട്ടറിക്ക ഈ ആക്റ്റ് പ്രകാരം എടുക്കാവുന്ന മറ്റേതെങ്കിലും നടപടിക്ക് ഹാനികൂടാതെ, ഏതൊരാളുടെ ആവശ്യപ്രകാരമാണോ കെട്ടിട നിർമ്മാണമോ പണിയോ തുടങ്ങിയിരിക്കുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നത് അയാളോട് അത് ഉടൻതന്നെ നിർത്തിവയ്ക്കാൻ ഉത്തരവുമൂലം ആവശ്യപ്പെടാവുന്നതാകുന്നു.

(2) അങ്ങനെയുള്ള ഉത്തരവനുസരിച്ച പ്രവർത്തിക്കാത്തപക്ഷം അങ്ങനെയുള്ള ആളേയും അയാളുടെ എല്ലാ സഹായികളേയും തൊഴിലാളികളേയും അങ്ങനെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിൽ പ്രത്യേകിച്ചു പറയാവുന്ന സമയത്തിനുള്ളിൽ പരിസരത്തിൽ നിന്ന് നീക്കം ചെയ്യാൻ സെക്രട്ടറിക്ക് ഏതെങ്കിലും പോലീസുദ്യോഗസ്ഥനോട് ആവശ്യപ്പെടാവുന്നതും, ആ പോലീസുദ്യോഗസ്ഥൻ അതനുസരിച്ച പ്രവർത്തിക്കേണ്ടതുമാണ്.

(3) (2)-ആം ഉപവകുപ്പ് പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച പ്രവർത്തിച്ചശേഷം, സെക്രട്ടറിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം, കെട്ടിടം നിർമ്മിക്കുകയോ പണി നടത്തുകയോ ചെയ്യുന്നത് തുടരുന്നില്ലെന്ന് തീർച്ച വരുത്തുന്നതിനായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായം രേഖാമൂലം ആവശ്യപ്പെടുകയോ ഗ്രാമപഞ്ചായത്തിന്റെ ഒരു ഉദ്യോഗസ്ഥനെയോ ജീവനക്കാരനേയോ രേഖാമൂലമുള്ള ഉത്തരവുവഴി പരിസരം നിരീക്ഷിക്കുന്നതിനായി നിയോഗിക്കുകയോ ചെയ്യാവുന്നതും അങ്ങനെ നിയോഗിക്കുന്നതിനുള്ള ചെലവ്, ഏതൊരാളുടെ ആവശ്യപ്രകാരമാണോ അങ്ങനെയുള്ള നിർമ്മാണമോ നടത്തിപ്പോ തുടർന്നു പോരുന്നത് അഥവാ ഏതൊരാൾക്കാണോ (1)-ആം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകിയത് അയാൾ കൊടുക്കേണ്ടതും അത് അങ്ങനെയുള്ള ആളുടെ പക്കൽ നിന്നും ഈ ആക്റ്റ് പ്രകാരമുള്ള വസ്തു നികുതി കുടിശ്ശികയെന്ന പോലെ ഈടാക്കേണ്ടതുമാകുന്നു.