Skip to main content
[vorkady.com]

206. വസ്തു കൈമാറ്റത്തിൻമേലുള്ള കരം

(1) വസ്തു കൈമാറ്റത്തിൻമേലുള്ള കരം താഴെപ്പറയും പ്രകാരം ചുമത്തേണ്ടതാണ്,-

(എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും;

(ബി) താഴെ അത്തരം കരണങ്ങൾക്ക് നേരെ പറഞ്ഞിരിക്കുന്ന തുകയുടെ അഞ്ചുശതമാനത്തിൽ കവിയാതെ സർക്കാർ നിശ്ചയിക്കാവുന്ന നിരക്കിലും ചുമത്തേണ്ടതാകുന്നു.

നം കരണത്തിന്റെ വിവരണം ഏതു തുകയ്ക്കാണോ നികുതി ചുമത്തേണ്ടത് ആ തുക

(1) (2)
(i) സ്ഥാവരവസ്തു വിൽപ്പന കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വിൽപ്പന യ്ക്കുള്ള പ്രതിഫലത്തിന്റെ സംഖ്യ അഥവാ വില.
(ii) സ്ഥാവര വസ്തുവിന്റെ പരസ്പരകൈമാറ്റം കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഏറ്റവും കൂടുതൽ വിലയുള്ള വസ്തുവിന്റെ വില.
(iii) സ്ഥാവരവസ്തുവിന്റെ ഇഷ്ടദാനം കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തു വില.
(iv) സ്ഥാവരവസ്തു സംബന്ധിച്ചുള്ള കൈവശപ്പണയം കരണത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം പണയം മൂലം ഉറപ്പിച്ച സംഖ്യ.
(M1[(iv എ)
സ്ഥാവര വസ്തുവിന്റെ കീഴ്ചപാട്ടം അല്ലാതെയുള്ള മറ്റ് പാട്ടച്ചാർത്തിന്റെ കൈമാറ്റം കൈമാറ്റത്തിനുള്ള പ്രതിഫല സംഖ്യയ്ക്ക് തുല്യമായ പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്ര പ്പത്ര ആക്റ്റിന്റെ പട്ടികയിലെ അതത് സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവിലതന്നെ]
(A2[(v) (എ) സ്ഥാവര വസ്തുവിന്റെ ഒരു കൊല്ലത്തിൽ കുറഞ്ഞ പാട്ടച്ചാർത്ത്  ആ പാട്ടച്ചാർത്ത് പ്രകാരം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യേണ്ടുന്ന ഒട്ടാകെ സംഖ്യയ്ക്ക് (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ആം ക്രമനമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്ര വിലതന്നെ.

(ബി) സ്ഥാവര വസ്തുവിന്റെ ഒരുകൊല്ലത്തിൽ കുറയാതെയും അഞ്ചുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത് നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടത്തിന്റെ സംഖ്യയ്ക്കോ, വിലയ്ക്കോ ഉള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ആം ക്രമ നമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്രവില തന്നെ.

(സി) സ്ഥാവര വസ്തുവിന്റെ അഞ്ചുകൊല്ലത്തിൽ കവിഞ്ഞതും എന്നാൽ പത്തുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത്. നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടസംഖ്യയ്ക്കക്കോ വിലയ്ക്കക്കോ തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതു സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില.

(ഡി) സ്ഥാവര വസ്തുവിന്റെ പത്തുകൊല്ലത്തിൽ കവിഞ്ഞതും, എന്നാൽ ശാശ്വതമായിട്ടല്ലാത്തതുമായ പാട്ടച്ചാർത്ത്. പാട്ടച്ചാർത്ത് വളരെക്കാലം നിലനിൽക്കുന്നതാണെങ്കിൽ ആദ്യത്തെ പത്തുകൊല്ലത്തേക്കു അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ശരാശരി ഒരുകൊല്ലത്തെ പാട്ട സംഖ്യയുടേയോ വിലയുടേയോ മൂന്നിരട്ടിക്ക് തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതുസംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില തന്നെ.

(ഇ) സ്ഥാവര വസ്തുവിന്റെ ശാശ്വത പാട്ടച്ചാർത്ത് കരണത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചാർത്തിന്റെ ആദ്യത്തെ അൻപത് കൊല്ലം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ഒട്ടാകെ പാട്ടത്തിന്റെ ആറിൽ ഒന്നിനു തുല്യമായ ഒരു തുക.]
(vi) ഒഴിമുറി, എന്നുപറഞ്ഞാൽ, നിർണ്ണയിക്കപ്പെട്ട ഏതെങ്കിലും വസ്തുവിൻമേൽ തനിക്കുള്ള അവകാശം തന്റെ ഭാര്യക്കോ അല്ലെങ്കിൽ കുട്ടികൾക്കോ വേണ്ടിയല്ലാത്ത, മറ്റൊരാൾക്ക് ഒഴിഞ്ഞുകൊടുക്കുക ഒഴിമുറിയിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വിലയോ തുകയോ

(2) മേൽപ്പറഞ്ഞ പ്രകാരം കരം ഏർപ്പെടുത്തുമ്പോൾ,-

(എ) 1959-ലെ കേരളമുദ്രപ്പത ആക്റ്റിലെ 28-ആം വകുപ്പ്, ഗ്രാമപഞ്ചായത്തിന്റെ അധികാരാതിർത്തിക്കകത്തുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധിച്ചും, ആ പ്രദേശത്തിന് പുറത്തു സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധിച്ചും വിവരങ്ങൾ കൊടുക്കുന്നതിന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നാലെന്നപോലെ വായിക്കേണ്ടതാണ്. 
(ബി) 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലെ 62-ആം വകുപ്പ്, ഗ്രാമപഞ്ചായത്തിനെയും അതു പോലെതന്നെ സർക്കാരിനെയും പരാമർശിക്കുന്നതാണെന്നതു പോലെ വായിക്കേണ്ടതാണ്.

(3) കരം പിരിക്കുകയും, അത് ഗ്രാമപഞ്ചായത്തിന് കൊടുക്കുകയും അത് പിരിച്ചെടുക്കുന്നതിൽ സർക്കാരിന് നേരിട്ട ഏതെങ്കിലും ചെലവ് കിഴക്കുകയും ചെയ്യുന്നതും ക്രമപ്പെടുത്താൻ സർക്കാരിന്, ഈ ആക്റ്റിന് വിരുദ്ധമല്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(4) ഈ വകുപ്പ് പ്രകാരം വസ്തു കൈമാറ്റത്തിൻമേലുള്ള കരമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും പിരിച്ചെടുത്ത തുകകൾ, ഓരോ കൊല്ലവും സംസ്ഥാനത്തിനൊട്ടാകെയുള്ളവയായി സഞ്ചയിക്കേണ്ടതും, കരംപിടിച്ചെടുക്കുന്നതിനുള്ള ചെലവായി അതിൽനിന്നും മൂന്നു ശതമാനം കുറവുചെയ്തശേഷം ഗ്രാമപഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതുമാണ്.

(5)(4)-ആം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് നല്കേണ്ടതായ തുകകളുടെ എഴുപത്തഞ്ചുശതമാനം, പ്രസക്ത കണക്കുകൾ പ്രസിദ്ധീകരിച്ചതും ഏറ്റവും ഒടുവിൽ നടത്തിയതുമായ കാനേഷുമാരി പ്രകാരം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ, സംസ്ഥാ നത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ വിതരണം ചെയ്യേണ്ടതാണ്. തുകകളുടെ ബാക്കി യുള്ള ഇരുപത്തഞ്ചു ശതമാനം സർക്കാരോ അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമുഖേന, ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, പഞ്ചായത്തിന്റെ വിസ്തീർണ്ണവും ലഭ്യമായ വിഭവശേഷിയും വികസനാവശ്യകതയും പഞ്ചായത്തിന്റെ ഭരണനിർവ്വ ഹണചെലവും കണക്കിലെടുത്ത്, തീരുമാനിക്കുന്ന അനുപാതത്തിൽ ഗ്രാമപഞ്ചായത്തുകൾക്കിട യിൽ വിതരണം നടത്തേണ്ടതാണ്.


M1. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.