Skip to main content
[vorkady.com]

2.നിർവ്വചനങ്ങൾ

ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, -
(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു; 

(ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(iii) 'കെട്ടിടം' എന്നതിൽ കല്ലോ, ഇഷ്ടികയോ, മരമോ, ചളിയോ, ലോഹമോ കൊണ്ടോ മറ്റേതെങ്കിലും സാധനം കൊണ്ടോ ഉണ്ടാക്കിയ വീട്, ഉപഗൃഹം, തൊഴുത്ത്, കക്കൂസ്, ഷെഡ്ഡ്, കുടിൽ, മറ്റേതെങ്കിലും എടുപ്പ് എന്നിവ ഉൾപ്പെടുന്നു;

(iv) 'ഉപതിരഞ്ഞെടുപ്പ്' എന്നാൽ പൊതുതിരഞ്ഞെടുപ്പല്ലാത്ത തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു.

(v) 'സ്ഥാനാർത്ഥി' എന്നാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നതോ ആയ ഒരു ആൾ എന്നർത്ഥമാകുന്നു;

(vi) 'ആകസ്മിക ഒഴിവ്' എന്നാൽ കാലാവധി കഴിഞ്ഞതുകൊണ്ടല്ലാതെ ഉണ്ടാകുന്ന ഒഴിവ് എന്നർത്ഥമാകുന്നു;

E1[(viഎ) കമ്മിറ്റി' എന്നാൽ ഈ ആക്റ്റ് പ്രകാരം രൂപീകൃതമായിട്ടുള്ള ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയോ കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീകരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നു;]

(vii) 'നിയോജകമണ്ഡലം' എന്നാൽ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഭൂപ്രദേശം (അത് ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) എന്നർത്ഥമാകുന്നു;

(viii) 'അഴിമതി പ്രവൃത്തി' എന്നാൽ 120-ആം വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികളിൽ ഏതെങ്കിലും എന്നർത്ഥമാകുന്നു;

(ix) ഒരു തിരഞ്ഞെടുപ്പ് ഹർജിയെ സംബന്ധിച്ച് 'ചെലവ്' എന്നാൽ ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയുടേതോ ആനുഷംഗികമോ ആയ എല്ലാ ചെലവുകളും ചാർജുകളും വ്യയങ്ങളും എന്നർത്ഥമാകുന്നു;

(x) 'ജില്ല' എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;

(xi) 'ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ' എന്നാൽ 13-ആം വകുപ്പ് (1)-ആം ഉപവകുപ്പിൻകീഴിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാന നിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;

(xii) 'ജില്ലാ പഞ്ചായത്ത്' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പിന്റെ (സി) - ഖണ്ഡത്തിൻ കീഴിൽ ജില്ലാ തലത്തിൽ രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(xiii) 'ജില്ലാപഞ്ചായത്തു പ്രദേശം' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (സി) - ഖണ്ഡത്തിന്റെ ആവശ്യത്തിനായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു ജില്ലയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങൾ എന്നർത്ഥമാകുന്നു;

(xiv) 'തിരഞ്ഞെടുപ്പ്' എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളിൽ ഏതിലെങ്കിലുമുള്ള ഒരു സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;

(xv) ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം 'സമ്മതിദായകൻ' എന്നാൽ (ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) തത്സമയം പ്രാബല്യത്തിലിരിക്കുന്ന ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളതും 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനല്ലാത്തതും ആയ ഒരാൾ എന്നർത്ഥമാകുന്നു;

(xvi) ‘സമ്മതിദാനാവകാശം' എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു;

AD[(xviഎ) 'എംപാനൽഡ് ലൈസൻസി' എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു];

(xvii) 'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;

(xviii) 'സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;

(xix) 'വീട്' എന്നാൽ താമസസ്ഥലമായോ മറ്റുവിധത്തിലോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കൊള്ളാവുന്നതോ ആയതും പൊതു വഴിയിൽ നിന്ന് പ്രത്യേകമായ ഒരു പ്രധാനവാതിൽ ഉള്ളതുമായ ഒരു കെട്ടിടം അഥവാ കുടിൽ എന്നർത്ഥമാകുന്നതും, ഏതെങ്കിലും കടയോ, വർക്ക് ഷോപ്പോ പണ്ടകശാലയോ അഥവാ വാഹനങ്ങൾ കയറ്റി പാർക്കു ചെയ്യാനോ അല്ലെങ്കിൽ ബസ്സ്റ്റാന്റായോ ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടമോ അതിൽ ഉൾപ്പെടുന്നതുമാകുന്നു;

(xx) 'കുടിൽ' എന്നാൽ മുഖ്യമായും മരമോ ചളിയോ ഇലകളോ പുല്ലോ ഓലയോ കൊണ്ട് നിർമ്മിക്കപ്പെട്ട ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നതും ഈ ആക്റ്റിന്റെ ആവശ്യത്തിനായി ഒരു കുടിൽ എന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചേക്കാവുന്ന ഏതു വലിപ്പത്തിലുമുള്ള ഏതൊരു താല്ക്കാലിക എടുപ്പും എന്തു സാധനം കൊണ്ടുണ്ടാക്കിയതുമായ ഏതൊരു ചെറിയ കെട്ടിടവും അതിൽ ഉൾപ്പെടുന്നതുമാകുന്നു;

(xxi) 'മദ്ധ്യതലം' എന്നാൽ 243-ആം അനുച്ഛേദം (സി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ നിർദ്ദേശിക്കുന്ന ഗ്രാമതലത്തിനും ജില്ലാ തലത്തിനും ഇടയ്ക്കുള്ള തലം എന്നർത്ഥമാകുന്നു;

E1[(xxii) 'തദ്ദേശ സ്ഥാപനം' അല്ലെങ്കിൽ 'തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നാൽ ഈ ആക്റ്റിന്റെ 4-ആം വകുപ്പ് പ്രകാരം രൂപീകരിച്ച ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് എന്നോ അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20) 4-ആം വകുപ്പു പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു];

AD[(xxiiഎ) ‘കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ' എന്നതിൽ ഏഴ് മീറ്ററിൽ കുറവായ ഉയരമുള്ളതും രണ്ടു നില വരെ പരിമിതപ്പെടുത്തിയിട്ടുള്ളതും മുന്നൂറ് ചതുരശ്ര മീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും എ1 വിനിയോഗഗണത്തിൽപ്പെട്ടതുമായ വാസഗൃഹങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും എ2 വിനിയോഗഗണത്തിൽപ്പെട്ടതുമായ ഹോസ്റ്റൽ, ഓർഫനേജ്, ഡോർമിറ്ററി, ഓൾഡ് ഏജ് ഹോം, സെമിനാരി എന്നിവയും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടു കൂടിയതും ബി വിനിയോഗഗണത്തിൽപ്പെട്ടതുമായ വിദ്യാഭ്യാസ കെട്ടിടങ്ങളും, ഇരുന്നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ളതും ഡി വിനിയോഗ ഗണത്തിൽപ്പെട്ടതുമായ മതപരവും ദേശസ്നേഹപരവുമായ ആവശ്യങ്ങൾക്കു വേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങളും, നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണത്തോടുകൂടിയതും എഫ് വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും, ശല്യമില്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ നൂറ് ചതുരശ്രമീറ്ററിൽ കുറവായ നിർമ്മിത വിസ്തീർണ്ണമുള്ള ജി1 വിനിയോഗഗണത്തിൽപ്പെട്ടതുമായ കെട്ടിടങ്ങളും ഉൾപ്പെടുന്നു.]

(xxiii) 'മാർക്കറ്റ്' എന്നാൽ ധാന്യമോ പഴങ്ങളോ മലക്കറിയോ മാംസമോ മത്സ്യമോ വേഗത്തിൽ ചീത്തയാകുന്ന മറ്റു ഭക്ഷ്യവസ്തുക്കളോ വിലക്കുന്നതിനോ വാങ്ങുന്നതിനോ അഥവാ കന്നുകാലികളെയോ കോഴികളെയോ അല്ലെങ്കിൽ കാർഷികമോ വ്യാവസായികമോ ആയ ഏതെങ്കിലും ഉല്പന്നമോ, ഏതെങ്കിലും അസംസ്കൃത ഉല്പന്നമോ നിർമ്മിതോല്പന്നമോ അല്ലെങ്കിൽ ജീവിത സൗകര്യത്തിനാവശ്യമായ ഏതെങ്കിലും വസ്തുക്കളോ ചരക്കോ വിലക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി ആളുകൾ ഒത്തുകൂടുന്നതിനായി മാറ്റിവച്ചിട്ടുള്ളതോ അഥവാ സാധാരണയായോ നിയത കാലികമായോ അതിലേക്ക് ഉപയോഗിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു എന്നാൽ ഒരൊറ്റ കടയോ ആറെണ്ണത്തിൽ കവിയാത്ത ഒരു കൂട്ടം കടകളോ ഒരു മാർക്കറ്റായി കരുതപ്പെടുവാൻ പാടില്ലാത്തതാകുന്നു;

(xxiv) 'അംഗം' എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗം എന്നർത്ഥമാകുന്നു;

(xxv) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(xxvi) 'പഞ്ചായത്ത് പ്രദേശം' എന്നാൽ ഒരു പഞ്ചായത്തിന്റെ അധികാരാതിർത്തിക്കുള്ളിൽ വരുന്ന ഭൂപ്രദേശം എന്നർത്ഥമാകുന്നു;

AD*[(xxvi) 'സ്വയം സാക്ഷ്യപത്രം' എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ വേണ്ടിയുള്ള കെട്ടിടത്തിന്റെ പ്ലാൻ, സൈറ്റ് പ്ലാൻ എന്നിവ തത്സമയം പ്രാബല്യത്തിലുള്ള ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കും നിയമാനുസൃതം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലും നിർദ്ദേശത്തിനും പ്രത്യേകം പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും, ചട്ടങ്ങൾക്കുംനിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായി നൽകുന്ന സ്വയം സാക്ഷ്യപത്രം എന്നർത്ഥമാകുന്നു.]

(xxvil) 'രാഷ്ട്രീയകക്ഷി' എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ആം കേന്ദ്ര ആക്റ്റ് 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയകക്ഷി എന്ന് അർത്ഥമാകുന്നു;

(xxvii) 'പോളിംഗ് സ്റ്റേഷൻ' എന്നാൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനായി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും സ്ഥലം എന്നർത്ഥമാകുന്നു;

(xxix) 'ജനസംഖ്യ' എന്നാൽ ഏറ്റവും അവസാനത്തെ കാനേഷുമാരിയിൽ തിട്ടപ്പെടുത്തി പ്രസക്ത കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പ്രകാരമുള്ള ജനസംഖ്യ എന്നർത്ഥമാകുന്നു;

(xxx) 'നിർണ്ണയിക്കപ്പെടുന്ന' എന്നാൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ടത് എന്നർത്ഥമാകുന്നു;

(xxxi) 'പ്രസിഡന്റ്' എന്നോ വൈസ് പ്രസിഡന്റ്' എന്നോ ഉള്ളതിന്, അതതു സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ളോക്കുപഞ്ചായത്തിന്റെയോ ജില്ലാപഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നോ വൈസ് പ്രസിഡന്റ് എന്നോ അർത്ഥമാകുന്നു;

(xxxii) 'സ്വകാര്യ മാർക്കറ്റ്' എന്നാൽ പൊതുമാർക്കറ്റല്ലാത്ത ഏതെങ്കിലും മാർക്കറ്റ് എന്നർത്ഥമാകുന്നു;

(xxxiii) 'പൊതുമാർക്കറ്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ അതു നിർമ്മിച്ചതോ അറ്റകുറ്റപ്പണിചെയ്യുന്നതോ പരിപാലിക്കുന്നതോ ആയ ഒരു മാർക്കറ്റ് എന്നർത്ഥമാകുന്നു;

(xxxiv) 'പൊതു ഒഴിവുദിനം' എന്നാൽ സർക്കാർ ഒരു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ദിവസം എന്നർത്ഥമാകുന്നു;

(xxxv) 'പൊതുവഴി' എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ചത്വരം, മുറ്റം, ഇടവഴി, വഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത എന്നർത്ഥമാകുന്നതും; അതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നതുമാകുന്നു,

(എ) ഏതെങ്കിലും പൊതുപാലത്തിന്റെയോ നടവരമ്പിന്റെയോ മീതെ കൂടിയുള്ള വഴി;

(ബി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതു പാലത്തിനോടോ നടവരമ്പിനോടോ ചേർന്ന നടവഴി;

(സി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതുപാലത്തോടോ നടവരമ്പിനോടോ ചേർന്ന ഓടകളും, അങ്ങനെയുള്ള വഴിയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതും ഏതെങ്കിലും നടപ്പാതയോ വരാന്തയോ മറ്റ് എടുപ്പോ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ ഭൂമിയും, അത് സ്വകാര്യ വസ്തുവോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ വസ്തുവോ ആയിരുന്നാലും ശരി,

(xxxvi) ഓരോ വോട്ടർ പട്ടികയും തയ്യാറാക്കുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് 'യോഗ്യത കണക്കാക്കുന്ന തീയതി' എന്നാൽ, അങ്ങനെ തയ്യാറാക്കുന്നതോ പുതുക്കുന്നതോ ആയ വർഷത്തിലെ ജനുവരി 1-ആം തീയതി എന്നർത്ഥമാകുന്നു;

(xxxvii) 'താമസസ്ഥലം' അഥവാ 'താമസിക്കുക', ഒരാൾ ഒരു വീടിന്റെ ഏതെങ്കിലും ഭാഗം അവകാശം കൊണ്ടെന്ന നിലയ്ക്ക് ഉറക്കറയായി ചില അവസരങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവിടെ 'താമസസ്ഥലം' ഉണ്ടെന്നോ അഥവാ അവിടെ താമസിക്കുന്നു' എന്നോ കരുതേണ്ടതും അങ്ങനെയുള്ള വീട്ടിലേക്കു ഏതു സമയത്തും മടങ്ങിപ്പോകാൻ അയാൾക്കു സ്വാതന്ത്ര്യമുണ്ടായിരിക്കുകയും മടങ്ങിപ്പോകണമെന്നുള്ള ഉദ്ദേശം അയാൾ ഉപേക്ഷിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്നപക്ഷം അങ്ങനെയുള്ള ഏതെങ്കിലും വീട്ടിലോ അതിന്റെ ഭാഗത്തോ അയാൾ അസന്നിഹിതനാണ് എന്നതിനാൽ മാത്രമോ അഥവാ അയാൾ താമസിക്കുന്നതായി മറ്റൊരിടത്ത് മറ്റൊരു വീടുണ്ട് എന്നതിനാലോ അങ്ങനെയുള്ള വീട്ടിലെ താമസം അയാൾ മതിയാക്കിയതായി കരുതാൻ പാടില്ലാത്തതുമാകുന്നു;

(xxxviii) 'തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി' എന്നാൽ 83-ാം വകുപ്പിൻകീഴിൽ പേരു പ്രസിദ്ധീകരിക്കപ്പെട്ട സ്ഥാനാർത്ഥി എന്നർത്ഥമാകുന്നു;

(xxxix) 'പട്ടികജാതികളും പട്ടികവർഗ്ഗങ്ങളും' എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അതേ അർത്ഥമുണ്ടായിരിക്കുന്നതാണ്;

(Xl) 'സെക്രട്ടറി' എന്നാൽ, അതതു സംഗതിപോലെ ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;

(xli) 'സംസ്ഥാനം' എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;

(xlii) 'സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ' എന്നാൽ 243കെ അനുച്ഛേദത്തിൻ കീഴിൽ ഗവർണ്ണർ നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ എന്നർത്ഥമാകുന്നു;

(xlii) 'താലൂക്ക്' എന്നാൽ ഒരു റവന്യൂ താലൂക്ക് എന്നർത്ഥമാകുന്നു;

(xliv) 'ഗ്രാമം' എന്നാൽ 243-ആം അനുച്ഛേദം (ജി) ഖണ്ഡത്തിൻകീഴിൽ ഗവർണ്ണർ വിനിർദ്ദേശിക്കുന്ന ഒരു ഗ്രാമം എന്നർത്ഥമാകുന്നു;

(xtv) 'വില്ലേജ് ആഫീസർ' എന്നാൽ ഒരു റവന്യൂ വില്ലേജിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;

(xvi) 'ഗ്രാമ പഞ്ചായത്ത്' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ആയി രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു

(xlvii) 'ജലമാർഗ്ഗം' എന്നതിൽ പ്രകൃതിജന്യമോ കൃതിമമോ ആയ ഏതെങ്കിലും നദിയോ അരുവിയോ നീർച്ചാലോ ഉൾപ്പെടുന്നതാകുന്നു;

(xlviii) 'വർഷം' എന്നാൽ സാമ്പത്തികവർഷം എന്നർത്ഥമാകുന്നു;

(xix) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ഭാരതത്തിന്റെ ഭരണഘടനയിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ഭാരതത്തിന്റെ ഭരണഘടനയിൽ അവയ്ക്ക്
നല്കിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.

AD. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേർക്കപ്പെട്ടു. 12.02.2021 മുതൽ പ്രാബല്യത്തിൽ വന്നു.

E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.

AD.2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേർക്കപ്പെട്ടു. 12.02.2021 മുതൽ പ്രാബല്യത്തിൽ വന്നു.

AD.2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേർക്കപ്പെട്ടു. 12.02.2021 മുതൽ പ്രാബല്യത്തിൽ വന്നു.

*നിർവചനങ്ങൾ ചേർത്തിട്ടുള്ളത് ഇംഗീഷ് അക്ഷരമാല ക്രമത്തിൽ ആയതിനാൽ 'Self- Certification (സ്വയം സാക്ഷായപ്പെടുത്തൽ)' എന്നത് ചേർക്കേണ്ടിയിരുന്ന ഉചിത സ്ഥാനം (xl) "Secretary' (സെക്രട്ടറി) ഖണ്ഡത്തിനു ശേഷമാണ് എന്ന് അഭിപ്രായപ്പെടുന്നു.