Skip to main content
[vorkady.com]

5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും

(1) ഓരോ പഞ്ചായത്തും 4-ആം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ മാറ്റം വരുത്തലുകൾക്കോ വിധേയമായി, അതിന്റെ ഏകാംഗീകൃത നാമത്തിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യുന്നതിനും ജംഗമമോ സ്ഥാവരമോ ആയ വസ്തുവകകൾ ആർജ്ജിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും, അത് ഏതുദ്ദേശത്തിലേക്കാണോ രൂപീകരിച്ചിട്ടുള്ളത് ആ ഉദ്ദേശങ്ങൾക്ക് ആവശ്യവും ഉചിതവും യുക്തവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള ക്ഷമത അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.

(2) ഒരു ജില്ലാ പഞ്ചായത്തോ ഒരു ബ്ലോക്ക് പഞ്ചായത്തോ ഒരു ഗ്രാമ പഞ്ചായത്തോ, ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അഥവാ തൽസമയം നിലവിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിനാലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും അപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും അധികാര ശക്തികളും അതിന് ഉണ്ടായിരിക്കുന്നതുമാണ്.