235എൽ. കെട്ടിടസ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്
(1) ഒരു കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുന്നതിനോ പുനർനിർമ്മിക്കുന്നതിനോ ഉള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമോ ആ കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്:-
(i) പണിയോ, പണിക്കുവേണ്ടിയുള്ള സ്ഥാനത്തിന്റെ ഉപയോഗമോ അഥവാ സൈറ്റ് പ്ലാനിലോ, ഗ്രൗണ്ട് പ്ലാനിലോ, എലിവേഷനിലോ (Elevation) പാർശ്വപടങ്ങളിലോ പ്രത്യേക വിവരണങ്ങളിലോ ഉൾക്കൊള്ളുന്ന ഏതെങ്കിലും വിവരങ്ങളോ ഏതെങ്കിലും നിയമത്തിലെയോ, ഏതെങ്കിലും നിയമപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ പ്രഖ്യാപനത്തിനോ ബൈലോയ്ക്കോ വിരുദ്ധമായിരിക്കുക;
(ii) ആ അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലാതിരിക്കുകയോ അത് ആ വിധത്തിൽ തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;
(iii) 235എഫ് വകുപ്പിൽ പറഞ്ഞ ഏതെങ്കിലും രേഖയിൽ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടവിധം ഒപ്പുവച്ചിട്ടില്ലാതിരിക്കുക
(iv) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;
(v) ഉദ്ദിഷ്ട കെട്ടിടം സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ ഭൂമിയിൻമേൽ ഉള്ള ഒരു കയ്യേറ്റമായിരിക്കുക; അല്ലെങ്കിൽ
(vi) ഭൂമി വിലയ്ക്കെടുക്കൽ നടപടികളിൽപ്പെട്ടതായിരിക്കുക.
(2) കെട്ടിടത്തിനുള്ള സ്ഥാനം അംഗീകരിക്കുവാനോ കെട്ടിടം നിർമ്മിക്കുവാനോ പുനർ നിർമ്മിക്കുവാനോ ഉള്ള അനുവാദത്തിനോ വേണ്ടിയുള്ള യാതൊരു അപേക്ഷയും വിസമ്മതിക്കുന്നതിനുള്ള കാരണങ്ങൾ പറയാതെ നിരസിക്കുവാൻ പാടുള്ളതല്ല.
No Comments