Skip to main content
[vorkady.com]

139. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ

(1) ഈ ആക്റ്റിലെ 34-ആം വകുപ്പ് (2)-ആം ഉപവകുപ്പ് പ്രകാരമോ 36-ആം വകുപ്പ് പ്രകാരമോ ഒരു പ്രശ്നം തീരുമാനിക്കുന്നതിൽ ഒരു അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നോ ഉചിതമാണെന്നോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തോന്നുകയും ബന്ധപ്പെട്ട കക്ഷികൾ അത്തരം അന്വേഷണത്തിന് ഹാജരാക്കുന്ന സത്യവാങ്മൂലത്തിന്റേയും സ്വമേധയാ ഹാജരാക്കുന്ന രേഖകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന സംഗതിയിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുകയില്ലെന്ന് കമ്മീഷന് ബോദ്ധ്യംവരുകയും ചെയ്താൽ അങ്ങനെയുള്ള അന്വേഷണത്തിന്റെ ആവശ്യത്തിനായി 1908-ലെ സിവിൽ നടപടി നിയമസംഹിതയിൻ (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു വ്യവഹാരം വിചാരണചെയ്യുമ്പോൾ ഒരു സിവിൽകോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്,
അതായത്:-

(എ) ഏതൊരാളിനും സമൻസ് അയയ്ക്കൽ ഹാജരാകാൻ നിർബന്ധിക്കൽ സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ,

(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമൃഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;

(സി) സത്യവാങ്ങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ,

(ഡി) ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;

(ഇ) സാക്ഷികളിൽനിന്നോ രേഖകളിൽനിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കൽ.

2) അന്വേഷണത്തിലെ പ്രധാന സംഗതിയിൽ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്നപക്ഷം, സർക്കാർ ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാൾക്കു അവകാശപ്പെടാവുന്ന പ്രത്യേകാവകാശങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ ആയതിനു വിധേയമായി, അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

(3) കമ്മീഷൻ ഒരു സിവിൽക്കോടതിയായി കരുതപ്പെടേണ്ടതും ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ആം കേന്ദ്ര ആക്റ്റ് ) 175-ആം വകുപ്പിലോ 178- ആം വകുപ്പിലോ 179-ആം വകു പ്പിലോ 180-ആം വകുപ്പിലോ 228-ആം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കിൽ, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുതകളും 1973- ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ (1974-ലെ 2-ആം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്യപ്പെട്ടപ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന്, ആ കേസ് വിചാരണയെടുക്കുവാൻ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 346-ആം വകുപ്പ പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേൾക്കേണ്ടതുമാണ്.

(4) കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ആം കേന്ദ്ര ആക്റ്റ്) 193-ആം വകുപ്പിന്റേയും 228-ആം വകുപ്പിന്റേയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതാണ്.