154.ആഫീസിന്റെ ചാർജ് ഏല്പിക്കുവാൻ ഉദ്യോഗത്തിൽനിന്നും പിരിയുന്ന പ്രസിഡന്റ്, മുതലായവർക്കുള്ള ചുമതല
(1) ഒരു പുതിയ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞെടുക്കപ്പെടുമ്പോൾ, ഉദ്യോഗത്തിൽ നിന്നും പിരിയുന്ന പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, അതതു സംഗതിപോലെ, യഥാക്രമം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുടെ ചുമതല ആ ആളെ ഏൽപ്പിച്ചുകൊടുക്കേണ്ടതും തന്റെ അധീനതയിലുണ്ടായിരുന്ന ബന്ധപ്പെട്ട പഞ്ചായത്തുവക രേഖകളും വസ്തുക്കളും ആ ആളെ ഏൽപ്പിക്കേണ്ടതുമാകുന്നു.
(2) പിരിഞ്ഞു പോകുന്ന ഒരംഗം തന്റെ ഔദ്യോഗിക സ്ഥാനത്തിന്റെ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിലും (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ, ആവശ്യമുള്ള മാറ്റങ്ങളോടെ ബാധകമാകുന്നതാണ്.
T2[(3) പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ തന്റെ ഉദ്യോഗത്തിന്റെ ചാർജോ അല്ലെങ്കിൽ പഞ്ചായത്തിൽ നിക്ഷിപ്തതമായതോ അതിന്റെ വകയായതോ ആയതും തന്റെ കൈവശ ത്തിലോ നിയന്ത്രണത്തിലോ ഉള്ളതും അല്ലെങ്കിൽ വന്നു ചേർന്നിട്ടുള്ളതുമായ ഏതെങ്കിലും രേഖകളോ പണമോ മറ്റ് വസ്തുക്കളോ പ്രസിഡന്റ് എന്ന നിലയിലോ വൈസ് പ്രസിഡന്റ് എന്ന നിലയിലോ ഉള്ള തന്റെ ഔദ്യോഗിക കാലാവധി അവസാനിച്ചാൽ ഉടനെയും, കൂടാതെ വൈസ് പ്രസിഡന്റിന്റെ സംഗതിയിൽ പ്രസിഡന്റ് ആവശ്യപ്പെട്ടാൽ ഉടനെയും, ഉദ്യോഗത്തിൽ വരുന്ന തന്റെ പിൻഗാമിക്കോ നിർണ്ണയിക്കപ്പെട്ട മറ്റ് അധികാരസ്ഥാനത്തിനോ ഏൽപ്പിച്ച് കൊടുക്കുവാൻ വിസമ്മതിക്കുകയാണെങ്കിൽ, അങ്ങനെയുള്ള പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ,കുറ്റസ്ഥാപനത്തിന്മേൽ ആ കുറ്റത്തിന് പതിനായിരം രൂപയിൽ കവിയാത്ത പിഴശിക്ഷ നൽകേണ്ടതാണ്.]
T2. 2014-ലെ 34-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 14.06.2010 മുതൽ പ്രാബല്യത്തിൽ വന്നു.
No Comments