Skip to main content
[vorkady.com]

17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ

(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ.-

(എ) ഭാരത പൗരൻ അല്ലെങ്കിലോ, അല്ലെങ്കിൽ 

(ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽ
പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നവനും ആണെങ്കിലോ, അല്ലെങ്കിൽ

(സി) തിരഞ്ഞെടുപ്പുകളോടനുബന്ധിച്ചുള്ള അഴിമതി പ്രവൃത്തികളും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിൽ നിന്നും തൽസമയം അയോഗ്യനാക്കപ്പെട്ടിരിക്കുന്നു എങ്കിലോ,

അയോഗ്യനായിരിക്കുന്നതാണ്.

(2) രജിസ്ട്രേഷനുശേഷം അങ്ങനെ അയോഗ്യനായിത്തീരുന്ന ഏതെങ്കിലും ആളിന്റെ പേര്, അത് ഉൾപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ നിന്നും ഉടനടി വെട്ടിക്കളയേണ്ടതാകുന്നു:

എന്നാൽ, (1)-ആം ഉപവകുപ്പ് (സി) ഖണ്ഡത്തിൻ കീഴിലെ ഒരു അയോഗ്യത കാരണം ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിക്കളയപ്പെടുന്ന ഏതെങ്കിലും ആളുടെ പേര് അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യുവാൻ അധികാരപ്പെടുത്തുന്ന ഏതെങ്കിലും നിയമത്തിൻ കീഴിൽ അങ്ങനെയുള്ള പട്ടിക പ്രാബല്യത്തിലുള്ള കാലത്ത്, അങ്ങനെയുള്ള അയോഗ്യത നീക്കം ചെയ്യപ്പെടുന്നുവെങ്കിൽ,ഉടനടി ആ പട്ടികയിൽ തിരികെ ചേർക്കേണ്ടതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തിൽ വന്നു.