Skip to main content
[vorkady.com]

138. മറ്റു കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും

(1) ഒരാൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ -

(എ) ഏതെങ്കിലും നാമനിർദ്ദേശപത്രിക വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ, അല്ലെങ്കിൽ

(ബി) ഒരു വരണാധികാരിയോ വരണാധികാരിയുടെ അധികാരത്തിൻകീഴിലോ പതിച്ചിട്ടുള്ള ഏതെങ്കിലും പട്ടികയോ, നോട്ടീസോ മറ്റു രേഖയോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ

(സി) ഏതെങ്കിലും ബാലറ്റ് പേപ്പറോ, ഏതെങ്കിലും ബാലറ്റ് പേപ്പറിൻമേലുള്ള ഔദ്യോഗിക അടയാളമോ, പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ട് ചെയ്യൽ സംബന്ധിച്ച് ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും തിരിച്ചറിയൽ പ്രഖ്യാപനമോ ഔദ്യോഗിക കവറോ വഞ്ചനാപൂർവ്വം വിരൂപമാക്കുകയോ, വഞ്ചനാപൂർവ്വം നശിപ്പിക്കുകയോ, അല്ലെങ്കിൽ

(ഡി) യഥാവിധിയുള്ള അധികാരം കൂടാതെ, ഏതെങ്കിലും ആൾക്ക് ഏതെങ്കിലും ബാലറ്റ് പേപ്പർ കൊടുക്കുകയോ, ഏതെങ്കിലും ആളിൽ നിന്ന് ഏതെങ്കിലും ബാലറ്റ് പേപ്പർ സ്വീകരിക്കുകയോ ഏതെങ്കിലും ബാലറ്റ് പേപ്പർ കൈവശംവയ്ക്കുകയോ, അല്ലെങ്കിൽ

(ഇ) ഏതെങ്കിലും ബാലറ്റ് പെട്ടിയിൽ അതിൽ ഇടുന്നതിന് നിയമം തനിക്ക് അധികാരം നൽകുന്ന ബാലറ്റ് പേപ്പറല്ലാത്ത എന്തെങ്കിലും വഞ്ചനാപൂർവ്വം ഇടുകയോ, അല്ലെങ്കിൽ

(എഫ്) തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി, അപ്പോൾ ഉപയോഗത്തിലിരിക്കുന്ന ഏതെങ്കിലും ബാലറ്റ് പെട്ടിയോ, ബാലറ്റ് പേപ്പറുകളോ യഥാവിധിയുള്ള അധികാരം കൂടാതെ നശിപ്പിക്കുകയോ, എടുക്കുകയോ, തുറക്കുകയോ, മറ്റുവിധത്തിൽ അതിൽ ഇടപെടുകയോ, അല്ലെങ്കിൽ

(ജി) അതത് സംഗതിപോലെ, വഞ്ചനാപൂർവ്വമായോ യഥാവിധിയുള്ള അധികാരം കൂടാതെയോ മുൻപറഞ്ഞ കൃത്യങ്ങളിൽ ഏതെങ്കിലും ചെയ്യുവാൻ ശ്രമിക്കുകയോ, അങ്ങനെയുള്ള ഏതെങ്കിലും കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ പ്രേരിപ്പിക്കുകയോ,

Q[(എച്ച്) 145എ വകുപ്പു പ്രകാരം, അർഹതയുള്ള ആളിന് അവധി അനുവദിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അയാൾ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായിരിക്കുന്നതാണ്.]

(2) ഈ വകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് കുറ്റക്കാരനായ ഏതെങ്കിലും ആൾ,

(എ) അയാൾ ഒരു നിയോജകമണ്ഡലത്തിലെ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ പ്രിസൈഡിംഗ് ആഫീസറോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആഫീസറോ ജീവനക്കാരനോ ആണെങ്കിൽ അയാളെ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കാവുന്നതും,

Q[(എഎ) അയാൾ 145എ വകുപ്പുപ്രകാരം, കുറ്റം ചെയ്ത ആളാണെങ്കിൽ, അഞ്ഞൂറ് രൂപ വരെയാകാവുന്ന പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതും]; (ബി) അയാൾ, മറ്റേതെങ്കിലും ആളാണെങ്കിൽ ആറുമാസത്തോളമാകാവുന്ന തടവു ശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടുംകുടിയോ നൽകി ശിക്ഷിക്കാവുന്നതും, ആണ്.

(3) ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, വോട്ടെണ്ണൽ ഉൾപ്പെടെ ഒരു തിരഞ്ഞെടുപ്പിന്റെയോ തിരഞ്ഞെടുപ്പിന്റെ ഭാഗത്തിന്റെയോ നടത്തിപ്പിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിനുശേഷം, ആ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകൾക്കും മറ്റു രേഖകൾക്കും ഉത്തരവാദി ആയിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ കർത്തവ്യമാണെങ്കിൽ അയാൾ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലാണെന്ന് കരുതപ്പെടുന്നതും എന്നാൽ 'ഔദ്യോഗിക കൃത്യനിർവ്വഹണം' എന്നതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ അല്ലാതെ ചുമത്തപ്പെട്ടിട്ടുള്ള ഏതെങ്കിലും കർത്തവ്യം ഉൾപ്പെടാത്തതും ആകുന്നു.


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.