134. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെട്ടിട പരിസരങ്ങൾ മുതലായവ ആവശ്യപ്പെടൽ
(1) ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ-
(എ) ഏതെങ്കിലും കെട്ടിട പരിസരം ഒരു പോളിംഗ് സ്റ്റേഷനായോ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബാലറ്റ് പെട്ടികൾ സൂക്ഷിക്കുന്നതിനായോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ, അല്ലെങ്കിൽ
(ബി) ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നോ പോളിംഗ് സ്റ്റേഷനിലേക്കോ ബാലറ്റ് പെട്ടികൾ കൊണ്ടുപോകുന്നതിന്റെ ആവശ്യത്തിലേക്കോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് കാലത്ത് സമാധാന പാലനത്തിന് പോലീസ് സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനോ, അങ്ങനെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിർവ്വഹിക്കുന്നതിനു വേണ്ടി ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മറ്റാളിനെയോ കൊണ്ടുപോകുന്നതിനോ ഏതെങ്കിലും വാഹനമോ യാനപാത്രമോ ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ, തോന്നുകയാണെങ്കിൽ അതതു സംഗതിപോലെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള കെട്ടിട പരിസരങ്ങളോ, അങ്ങനെയുള്ള വാഹനമോ യാനപാത്രമോ ലിഖിതമായ ഉത്തരവുവഴി ആവശ്യപ്പെ ടാവുന്നതും ആയതിന് നൽകേണ്ട ന്യായമായ പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ആവശ്യമെന്നോ യുക്തമെന്നോ തോന്നുന്ന കൂടുതൽ ഉത്തരവുകൾ പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏതെങ്കിലും ആവശ്യത്തിന്, ആ സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ നിയമാനുസൃതം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും വാഹനമോ യാനപാത്രമോ അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുന്ന തുവരെ, ഈ ഉപവകുപ്പിൻ കീഴിൽ ആവശ്യപ്പെടാൻ പാടുള്ളതല്ല.
(2) ആവശ്യപ്പെടൽ, വസ്തുവിന്റെ ഉടമസ്ഥനോ അത് കൈവശമുള്ള ആളോ ആണെന്ന്, അതതു സംഗതിപോലെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കരുതുന്ന ആളെ അഭിസംബോധന ചെയ്തതുകൊണ്ടുള്ള ലിഖിതമായ ഉത്തരവുവഴി നടത്തേണ്ടതാണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും വസ്തു ആവശ്യപ്പെടുമ്പോഴെല്ലാം, അങ്ങനെയുള്ള ആവശ്യപ്പെടലിന്റെ കാലാവധി, ആ ഉപവകുപ്പിൻ കീഴിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങളിൽ ഏതിനെങ്കിലും അങ്ങനെയുള്ള വസ്തു വേണ്ടതായിട്ടുള്ള കാലാവധിക്ക് അപ്പുറം പോകാൻ പാടുള്ളതല്ല.
(4) ഏതെങ്കിലും ആൾ ഈ വകുപ്പിൻകീഴിലുണ്ടാക്കിയ ഏതെങ്കിലും ഉത്തരവ് ലംഘിക്കുന്ന പക്ഷം അയാൾക്ക് മൂന്നു മാസക്കാലത്തോളമാകാവുന്ന തടവുശിക്ഷയോ പിഴശിക്ഷയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.
(5) ഈ വകുപ്പിൽ, -
(എ) 'പരിസരം' എന്നാൽ ഏതെങ്കിലും ഭൂമിയോ കെട്ടിടമോ കെട്ടിടത്തിന്റെ ഭാഗമോ എന്നർത്ഥമാകുന്നതും, അതിൽ കുടിലോ ഷെസ്സോ മറ്റു എടുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്നതും ആകുന്നു.
(ബി) വാഹനം എന്നാൽ റോഡുമാർഗ്ഗം കൊണ്ടുപോകുന്നതിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും വാഹനം അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ, അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു;
(സി) 'യാനപത്രം' എന്നാൽ ജലഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും യാനപത്രം, അത് യന്ത്രശക്തിയാൽ ചലിപ്പിക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.
No Comments