Skip to main content
[vorkady.com]

136. പോളിംഗ് സ്റ്റേഷനിൽ നിന്ന് ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നത് കുറ്റമായിരിക്കുമെന്ന്

(1) ഒരു തിരഞ്ഞെടുപ്പിൽ, ഒരു ബാലറ്റ് പേപ്പർ വഞ്ചനാപൂർവ്വം പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്ത് എടുക്കുകയോ പുറത്തെടുക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അങ്ങനെയുള്ള കൃത്യം ചെയ്യുന്നതിനെ മനഃപൂർവ്വം സഹായിക്കുകയോ ചെയ്യുന്ന ഏതൊരാളും, മൂന്നുവർഷത്തോളമാകാവുന്ന തടവുശിക്ഷയോ ആയിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നല്കി ശിക്ഷിക്കപ്പെടുന്നതാണ്.

(2) ഏതെങ്കിലും ആൾ (1)-ആം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യുകയാണെന്നോ ചെയ്തിട്ടുണ്ടെന്നോ തനിക്ക് വിശ്വസിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ, ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസർക്ക് അങ്ങനെയുള്ള ആൾ പോളിംഗ് സ്റ്റേഷൻ വിടുന്നതിന് മുൻപ് അയാളെ അറസ്റ്റ് ചെയ്യുകയോ, അയാളെ അറസ്റ്റു ചെയ്യുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥനോടു നിർദ്ദേശിക്കുകയോ ചെയ്യാവുന്നതും അയാളുടെ ദേഹപരിശോധന നടത്തുകയോ ഒരു പോലീസു ആഫീസറെക്കൊണ്ട് ദേഹപരിശോധന നടത്തിക്കുകയോ ചെയ്യാവുന്നതാണ്.

എന്നാൽ, ഒരു സ്ത്രീയെ ദേഹപരിശോധന ചെയ്യേണ്ടത് ആവശ്യമാകുമ്പോൾ, ആ ദേഹപരിശോധന സഭ്യത കൃത്യമായും പാലിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെക്കൊണ്ട് നടത്തിക്കേണ്ടതാണ്.

(3) അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടെ ദേഹത്ത് പരിശോധനയിൽ കാണുന്ന ഏതെങ്കിലും ബാലറ്റ് പേപ്പർ പ്രിസൈഡിംഗ് ആഫീസർ സുരക്ഷിതമായ സൂക്ഷിപ്പിനായി ഒരു പോലീസ് ആഫീസറെ ഏല്പിക്കേണ്ടതോ അല്ലെങ്കിൽ അന്വേഷണം ഒരു പോലീസ് ആഫീസർ ചെയ്യുമ്പോൾ, ആ ഉദ്യോഗസ്ഥൻ അത് സുരക്ഷിതമായ സൂക്ഷിപ്പിൽ വയ്ക്കേണ്ടതോ ആണ്.

(4) (1)-ആം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന കുറ്റം കോഗ്നൈസബിൾ ആയിരിക്കുന്നതാണ്.