Skip to main content
[vorkady.com]

221. പൊതു മാർക്കറ്റുകൾ

(1) ഗ്രാമപഞ്ചായത്തിനു പൊതു മാർക്കറ്റുകളായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കാവുന്നതുമാകുന്നു. ഗ്രാമ പഞ്ചായത്തു പ്രദേശത്തുള്ള എല്ലാ പൊതു മാർക്കറ്റുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലും നടത്തിപ്പിലും ആയിരിക്കേണ്ടതാണ്.

(2) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് ഒരു പൊതു മാർക്കറ്റിന്റെ ഏതെങ്കിലും ഒരു ഭാഗം വേർതിരിക്കുകയും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിന് കൊടുക്കുകയും ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്നഫീസുകളിൽ ഏതെങ്കിലും ഒന്നോ അധികമോ, നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, ഏതെങ്കിലും പൊതുമാർക്കറ്റിൽ നിന്ന് വസൂലാക്കുകയോ ചെയ്യാവുന്നതാണ്, അതായത്:-

(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാൻ ഉള്ള അവകാശത്തിനോ ഉള്ള ഫീസ്;

(ബി) ആ മാർക്കറ്റിൽ കടകളോ സ്റ്റാളുകളോ തൊഴുത്തുകളോ സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;

(സി) ആ മാർക്കറ്റിൽ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹനങ്ങൾക്കോ, അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;

(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരുന്നതോ വിലക്കുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;

(ഇ) ആ മാർക്കറ്റിൽ സ്വന്തം തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തുക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.

E1[(3) പൊതുമാർക്കറ്റുകളായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ അതിന്റെ ഏതു ഭാഗവും ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്].


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.