Skip to main content
[vorkady.com]

214. ബഡ്ജറ്റ് തയ്യാറാക്കലും അതിന്റെ അനുമതി നൽകലും

E1[(1) സർക്കാർ അതതു സമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും നിർണ്ണയിക്കപ്പെടുന്ന ചട്ടങ്ങൾക്കും വിധേയമായി 175-ആം വകുപ്പനുസരിച്ച് തയ്യാറാക്കിയതും അനുവദിച്ചതുമായ വികസന പദ്ധതികളുടെ ചെലവ് ഉൾപ്പെടെ അടുത്ത വർഷത്തേക്ക് ഉണ്ടാകാനിടയുള്ള വരവ് ചെലവുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉൾക്കൊള്ളുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഓരോ വർഷവും ജനുവരി 15-ആം തീയതിക്കു മുമ്പായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ സെക്രട്ടറിയും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻമാരും നൽകുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് തയ്യാറാക്കേണ്ടതും അത് ധനാകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.

(1എ) (1)-ആം ഉപവകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളേയും ഈ ആക്റ്റിലെ എല്ലാ ആവശ്യങ്ങളേയും പരിഗണിച്ചുകൊണ്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അതിൽ നിന്നും പഞ്ചായത്തിന്റെ അടുത്ത വർഷത്തേക്കുള്ള വരവ് ചെലവു കാണിക്കുന്ന ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതും അത് പ്രസ്തുത സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ മാർച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച കഴിയുന്നതിനു മുമ്പായി പഞ്ചായത്ത് മുമ്പാകെ, അതിന്റെ ഒരു പ്രത്യേക യോഗത്തിൽ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസിഡന്റിന്റെ ആമുഖ പ്രഖ്യാപനത്തിനു ശേഷം, പഞ്ചായത്തിന്റെ അംഗീകാരത്തിനായി വയ്ക്കക്കേണ്ടതുമാണ്. 

(1ബി) പഞ്ചായത്ത് ബഡ്ജറ്റ് നിർദ്ദേശങ്ങൾ പരിഗണിക്കുകയും ബഡ്ജറ്റ് എസ്റ്റിമേറ്റ് അത് ഏതു വർഷത്തെ സംബന്ധിച്ചാണോ ആ വർഷം തുടങ്ങുന്നതിനു മുമ്പായി, അതിൽ എന്തെങ്കിലും ഭേദഗതികളുണ്ടെങ്കിൽ അതു സഹിതം, അന്തിമമായി പാസ്സാക്കേണ്ടതുമാണ്.]

(2) ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള പ്രവർത്തന നീക്കിയിരുപ്പ് നടപ്പു വർഷത്തെ മതിപ്പു വരവിൽ എൻഡോവ്മെന്റുകളിലും സർക്കാർ ഗ്രാന്റുകളിലും  അംശദായങ്ങളിലും ഋണശീർഷകങ്ങളിലും നിന്നുള്ള വരവുകൾ എന്നിവ ഒഴികെയുള്ളതിന്റെ അഞ്ചുശതമാനത്തിൽ കുറയാൻ പാടുള്ളതല്ല.

(3) വരവുകളുടെ മതിപ്പ് സവിസ്താരവും വാസ്തവികവും ആയിരിക്കേണ്ടതും മുൻവർഷത്തെ യഥാർത്ഥ വരവിൽ നിന്നുള്ള ഏതൊരു പ്രത്യക്ഷ വ്യതിയാനങ്ങളോടുമൊപ്പം വിശദമായ കുറിപ്പുകളും വിശദീകരണങ്ങളും ഉണ്ടായിരിക്കേണ്ടതുമാണ്.‌

(4) എല്ലാ നിശ്ചിത ചാർജ്ജുകൾക്കും കടങ്ങൾ കൊടുത്തുതീർക്കുന്നതിനും ആവശ്യമായ വ്യവസ്ഥകൾ അതിൽ ഉണ്ടായിരിക്കേണ്ടതാണ്. 

(5) പഞ്ചായത്ത്, ഒരു വർഷത്തിനിടയ്ക്ക് അതിന്റെ വരവിനേയോ, അത് ഏറ്റെടുത്തിട്ടുള്ള വിവിധ സർവ്വീസുകൾക്കുള്ള ചെലവിനേയോ സംബന്ധിച്ച് ബഡ്ജറ്റിൽ കാണിച്ചിട്ടുള്ള എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് കാണുന്നുവെങ്കിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അനുപൂരകമോ പുതുക്കിയതോ ആയ ഒരു ബഡ്ജറ്റ് തയ്യാറാക്കി, അനുവാദത്തിനുവേണ്ടി പഞ്ചായത്തിന്റെ മുൻപാകെ വയ്ക്കക്കേണ്ടതാകുന്നു.

(6) അനിവാര്യമായ ഒരു അടിയന്തിര സാഹചര്യത്തിലൊഴികെ ചെലവ് ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുള്ളതായ ബഡ്ജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു തുകയും പഞ്ചായത്തോ അഥവാ പഞ്ചായത്തിനുവേണ്ടിയോ ചെലവാക്കാൻ പാടില്ലാത്തതാകുന്നു.

E1[(7) ബഡ്ജറ്റ് പാസ്സാക്കി കഴിഞ്ഞാലുടനെ അതിന്റെ പകർപ്പുകൾ സർക്കാരിനും ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻമാർക്കും ഓഡിറ്റർമാർക്കും നൽകേണ്ടതും അങ്ങനെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർ ഓരോ ജില്ലയിലും പഞ്ചായത്തുകളുടെ ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ ഒരു സമാഹൃത സ്റ്റേറ്റുമെന്റ് തയ്യാറാക്കേണ്ടതുമാണ്. 

എന്നാൽ, ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവ പാസാക്കിയ ബഡ്ജറ്റിന്റെ പകർപ്പുകൾ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിനും ജില്ലാ ആസൂത്രണ കമ്മിറ്റിക്കും നൽകേണ്ടതാണ്.] 

E1[(8) ഒരു പഞ്ചായത്ത്, ബഡ്ജറ്റിൽ വകയിരുത്തിയതിൽ കവിഞ്ഞ എന്തെങ്കിലും ചെലവ് വരുത്തിവയ്ക്കുകയോ ഏപ്രിൽ ഒന്നാം തീയതിക്കു മുൻപ് ആ വർഷത്തേക്കുള്ള ബഡ്ജറ്റ് പാസ്സാക്കാത്തപക്ഷം അന്നുമുതൽ, എന്തെങ്കിലും ചെലവ് വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.