9. ജില്ലാതല അധികൃതസമിതിയുടെ രൂപീകരണം
(1) 3-ആം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്‍റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനും വേണ്ടി കളക്ടർ ഓരോ ജില്ലയിലും, ജില്ലാതല അധികൃതസമിതി രൂപീകരിക്കേണ്ടതാണ്.
എന്നാൽ, വീട് വയ്ക്കുന്നതിന്, അതതു സംഗതിപോലെ, പഞ്ചായത്തിൽ 13[4.04 ആർ വിസ്തൃതിയിലും മുനിസിപ്പാലിറ്റി/ കോർപ്പറേഷനിൽ 2.02 ആർ വിസ്തൃതിയിലും] കൂടുതൽ നെൽവയൽ നികത്തുന്നതിന് അനുവാദം നല്‍കിക്കൊണ്ടുള്ള യാതൊരു തീരുമാനവും ജില്ലാതല അധികൃതസമിതി എടുക്കുവാൻ പാടുള്ളതല്ല.
(2) ജില്ലാതല അധികൃതസമിതി റവന്യൂ ഡിവിഷണൽ ആഫീസർ, പ്രിൻസിപ്പൽ കൃഷി ആഫീസർ, കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് നെൽക്കർഷകർ എന്നിവർ അടങ്ങിയതായിരിക്കുന്നതും റവന്യൂ ഡിവി ഷണൽ ആഫീസർ അതിന്റെ അദ്ധ്യക്ഷനും പ്രിൻസിപ്പൽ കൃഷി ആഫീസർ കൺവീനറും ആയിരിക്കുന്നതുമാണ്:
എന്നാൽ, ഏതെങ്കിലും ജില്ലയിൽ ഒന്നിൽക്കൂടുതൽ റവന്യൂ ഡിവിഷണൽ ആഫീസർമാരുള്ള പക്ഷം അവരിൽ ഒരാളെ ജില്ലാതല അധികൃതസമിതിയിലേക്ക് കളക്ടർ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
(3) നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ കാലാവധി അവർ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ, കാലാവധി തീര്‍ന്നശേഷവും അടുത്തു വരേണ്ട അംഗങ്ങളെ നാമനിർദ്ദേശം ചെയ്യപ്പെടുന്നതുവരെ അവർക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.
(4) നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജില്ലാ കളക്ടർക്ക് നല്‍കിക്കൊണ്ട് എപ്പോൾ വെണമെങ്കിലും സമിതിയിൽനിന്ന് രാജിവയ്ക്കാവുന്നതാണ്.
(5)ജില്ലാതല അധികൃതസമിതി, ലഭ്യമാകുന്ന ശുപാർശകളിൻമേൽ, ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതാണ്.
(6) ജില്ലാതല അധികൃതസമിതിയുടെ തീരുമാനംമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും തീരുമാനം കൈപ്പറ്റി മുപ്പതുദിവസത്തിനകം കളക്ടർക്ക്, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ അപ്പീൽ നല്കാവുന്നതാണ്.
(7)അപ്പീൽ ലഭിച്ച് ഒരു മാസത്തിനകം കളക്ടർ അതിൻമേൽ തീരുമാനം കൈക്കൊള്ളണ്ടതും കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(8)(1)-ആം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രാദേശികതല നിരീക്ഷണ സമിതി,-
(i) അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ, പാരിസ്ഥിതിക വ്യവസ്ഥയേയും ചേർന്നു കിടക്കുന്ന നെൽവയലിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും;
(ii) നെൽവയലിന്‍റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ ഈ ആവശ്യത്തിനു പറ്റിയ സ്ഥലം പകരം ആ ജില്ലയിൽ സ്വന്തമായി ഇല്ലെന്നും;
(iii) കെട്ടിടം നിർമ്മിക്കുന്നത് അയാളുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും;
(iv) പ്രസ്തുത നെൽവയൽ, മറ്റു നെൽവയലുകളാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതല്ലെന്നും;
ശുപാർശ ചെയ്താൽ അല്ലാതെ അപ്രകാരമുള്ള യാതൊരു അപേക്ഷയും ജില്ലാതല അധികൃത സമിതി പരിഗണിക്കുവാൻ പാടുള്ളതല്ല.
13A[(9) (5)-ആo ഉപവകുപ്പ് പ്രകാരം ജില്ലാതല അധികൃത സമിതിയോ (7) -ആo ഉപവകുപ്പ് പ്രകാരം ജില്ലാ കളക്ടറോ പുറപ്പെടുവിക്കുന്ന ഉത്തരവിൽ, അനുമതി നൽകപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും അപ്രകാരമുള്ള ഭൂമിയുടെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.]
13. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “പത്തും മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ അഞ്ചും സെന്‍റിൽ” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.)
13A. 2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു)
No Comments