Skip to main content
[vorkady.com]

27സി. രേഖകളിൽ മാറ്റം വരുത്തൽ

(1) തൽസമയം പ്രാബല്യത്തിലുള്ള മറ്റ് ഏതെങ്കിലും നിയമ ത്തിലോ ഏതെങ്കിലും കോടതിയുടെയോ ‘ട്രൈബ്യൂണലിന്‍റെയോ മറ്റ് ഏതെങ്കിലും അധികാരസ്ഥാനത്തിന്‍റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ആക്റ്റിലെ 8, 9, 10 അല്ലെങ്കിൽ 27എ വകുപ്പുകൾക്ക് കീഴിൽ ഒരു സർവ്വേ നമ്പരിന്‍റെയോ ഒരു സബ്ഡിവിഷന്‍റെയോ ഒരു ഭാഗം പരിവർത്തനപ്പെടുത്തുവാൻ അനുമതി നൽകുന്നിടത്ത്, അപ്രകാരം പരിവർത്തനപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭൂമിക്ക്, ഒരു പുതിയ സബ്ഡിവിഷൻ സൃഷ്ടിക്കേണ്ടതാണ്.

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം, നെൽവയലോ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയോ യഥാവിധി പരിവർത്തനപ്പെടുത്തുന്നിടത്ത്, തഹസിൽദാർ, 1961-ലെ കേരള ഭൂനികുതി ആക്റ്റിന്‍റെ (1961-ലെ 13) 6എ വകുപ്പ് പ്രകാരം ഭൂനികുതി വീണ്ടും തിട്ടപ്പെടുത്തേണ്ടതും അപകാരമുള്ള ഭൂമിയെ സംബന്ധിച്ച് റവന്യൂ രേഖകളിൽ ആവശ്യമായ ഉൾക്കുറിപ്പുകൾ രേഖപ്പെടുത്തേണ്ടതുമാണ്.

(3) റവന്യൂ രേഖകളിൽ അപകാരമുള്ള മാറ്റങ്ങൾ രേഖപ്പെടുത്തുന്നിടത്ത്, അനുമതി നൽകുന്ന അധികാരസ്ഥാനവും ഉത്തരവിന്‍റെ നമ്പരും തീയതിയും അനുമതി നൽകപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും അനുമതി നൽകപ്പെട്ട ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും പുതുക്കിയ ഭൂനികുതിയും പഴയ ഉൾക്കുറിപ്പുകൾ വ്യക്തമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട്, വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

(4) (3)-ആം ഉപവകുപ്പിന് അനുസൃതമായാണ് റവന്യൂ രേഖകളിൽ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് ഉറപ്പു വരുത്തുന്നതിനായി, തഹസിൽദാർ ആനുകാലികമായി പരിശോധന നടത്തേണ്ടതാണ്.

(5) (3)-ആം ഉപവകുപ്പിനനുസൃതമല്ലാതെ നെൽവയലിനെയോ തണ്ണീർത്തടത്തെയോ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയെയോ സംബന്ധിച്ചുള്ള റവന്യൂ രേഖകൾ പരിഷ്കരിക്കുന്നതിനോ വ്യത്യാസം വരുത്തുന്നതിനോ മാറ്റം വരുത്തുന്നതിനോ യാതൊരു ശ്രമവും നടത്തുവാൻ പാടുള്ളതല്ല.