Skip to main content
[vorkady.com]

12. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ നിയമനവും അവരുടെ അധികാരങ്ങളും

(1) സർക്കാരിന് ഔദ്യോഗ ഗസറ്റിലെ വിജ്ഞാപനം വഴി 15[വില്ലേജ് ഓഫീസറുടെ പദവിയിൽ താഴെയല്ലാത്തതായ], റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരായി നിയമിക്കാവുന്നതും ഈ ആക്റ്റ് പ്രകാരം അവരുടെ അധികാരങ്ങൾ വിനിയോഗിക്കാവുന്ന പ്രദേശം നിശ്ചയിച്ച് നല്കേണ്ടതുമാണ്.

(2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്, ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനോ അല്ലെങ്കിൽ ഈ ആക്റ്റ് പ്രകാരമുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നത് തടയുന്നതിനോ വേണ്ടി,-

(എ) ഈ ആക്റ്റ് പ്രകാരം ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റത്തിൻമേൽ പരിശോധനയോ അന്വേഷണമോ നടത്തുന്നതിന് ആവശ്യമെന്ന് അദ്ദേഹം കരുതുന്ന പ്രകാരമുള്ള സന്നാഹത്തോടെ, അതുമായി ബന്ധപ്പെട്ട ഏതു പരിസരത്തും അല്ലെങ്കിൽ ഏതു സ്ഥലത്തും പ്രവേശിക്കാവുന്നതും,

(ബി) ഈ ആക്ടിലെ 3-ആം വകുപ്പിനോ 11-ആം വകുപ്പിനോ വിരുദ്ധമായ ഏതൊരു പ്രവർത്തനവും നിർത്തിവയ്ക്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;

16[(സി) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിച്ചതോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും യാനമോ വാഹനമോ, മറ്റ് വാഹനസൗകര്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അല്ലെങ്കിൽ ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി, നെൽവയലിൽനിന്നോ തണ്ണീർത്തടത്തിൽ നിന്നോ നീക്കം ചെയ്യപ്പെട്ട കളിമണ്ണോ മണലോ മണ്ണാ, ഇവയിൽ ഏതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ മുതലായവയോ അല്ലെങ്കിൽ നെൽവയലോ തണ്ണീർത്തടമോ നികത്തുവാൻ ഉപയോഗിക്കുന്ന കളിമണ്ണോ മണലോ മണ്ണോ പിടിച്ചെടുക്കാവുന്നതും അവ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ജില്ലാ കളക്ടർക്ക് ഒരു റിപ്പോർട്ട് അയക്കേണ്ടതുമാണ്.]

(ഡി) അദ്ദേഹം ആവശ്യമാണെന്ന് കരുതുന്ന പ്രകാരമുള്ള വിവരം നല്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;

(ഇ)ഫോട്ടോഗ്രാഫുകൾ എടുക്കുകയോ വസ്തുവിവരപ്പട്ടിക തയ്യാറാക്കുകയോ, കുറ്റം ചെയ്തു എന്നത് സംബന്ധിച്ച് തെളിവ് ശേഖരണാർത്ഥം, ആവശ്യമായ മറ്റു കാര്യങ്ങളോ ചെയ്യാവുന്നതും പ്രതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി അധികാരിതയുള്ള കോടതിക്ക് ഒരു റിപ്പോർട്ട് നൽകേണ്ടതുമാണ്.

(3) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയോടും ഏതെങ്കിലും രേഖയോ സാധനമോ ഏതെങ്കിലും വിവരമോ ആവശ്യപ്പെട്ടാൽ അത്തരം ആൾ, 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമസംഹിതയിലെ (1860-ലെ 45-ആം കേന്ദ്ര ആക്റ്റ്) 175-ഉം 176-ഉം വകുപ്പുകളുടെ അർത്ഥവ്യാപ്തിക്കുള്ളിൽ അങ്ങനെ ചെയ്യാൻ നിയമപരമായി ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(4) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനും ഇൻഡ്യൻ ശിക്ഷാനിയമസംഹിത (1860-ലെ 45-ആം കേന്ദ്ര ആക്റ്റ്) 21 ആം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക് സർവന്‍റ് ആയി കണക്കാക്കപ്പെടുന്നതാണ്. 

17[(5) (1)-ആം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ഈ ആക്റ്റിലെ ലംഘനം സംബന്ധിച്ച് തനിക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ടിൻമേൽ മേൽനടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ 23-ആം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.]


15. 2011–ലെ 14-ആം ആക്റ്റ് പ്രകാരം “റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ പദവിയില്‍ താഴെയല്ലാത്തതായ”  എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.(12.08.2008 മുതല്‍ പ്രാബല്യത്തില്‍ വന്നു.)

16. 2018–ലെ 29-ആം ആക്റ്റ് പ്രകാരം പകരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു). അതിനു മുമ്പ് ഇങ്ങനെ: 
“(സി)ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഉപയോഗിച്ചതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും യാനമോ അല്ലെങ്കിൽ വാഹനമോ മറ്റു വാഹനസൗകര്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അവ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി, കളക്ടർക്ക് ഒരു റിപ്പോർട്ട് അയക്കേണ്ടതും;”

17. 2011–ലെ 14-ആം ആക്റ്റ് പ്രകാരം പകരം ചേർക്കപ്പെട്ടു (12.08.2008 മുതല്‍ പ്രാബല്യത്തില്‍ വന്നു). അതിനു മുമ്പ് ഇങ്ങനെ:
“(5) (1)-ആം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ഈ ആക്റ്റിലെ ലംഘനം സംബന്ധിച്ച് 7-ആം വകുപ്പുപ്രകാരം റിപ്പോർട്ടിങ് ഓഫീസർ നൽകുന്ന റിപ്പോർട്ടിൻമേൽ മേൽനടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ 23-ആം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.”