Skip to main content
[vorkady.com]

2. നിർവ്വചനങ്ങൾ

ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

1 [(i) “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം” എന്നാൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിലാക്കുവാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ വ്യതിയാനം വരുത്തുന്നതോ വ്യതിയാനം വരുത്തിയിട്ടുള്ളതോ ആയ പ്രവൃത്തിയോ തുടർപ്രവൃത്തികളോ എന്നർത്ഥമാകുന്നു;]

2 [(iഎ)] “കളക്ടർ” എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നതും അതിൽ കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സർക്കാർ നിയമിച്ചിട്ടുള്ളതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു;

(ii) “സമിതി” എന്നാൽ 5-ആം വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രാദേശികതല നിരീക്ഷണ സമിതി എന്നർത്ഥമാകുന്നു;

(iii) "പരിവർത്തനപ്പെടുത്തൽ” എന്നാൽ നെൽകൃഷി ചെയ്തുകൊണ്ടിരുന്ന ഒരു സ്ഥലം അതിന്‍റെ അനുബന്ധനിർമ്മിതികളായ ജലനിർഗ്ഗമന ചാലുകളും, കുളങ്ങളും, കൈത്തോടുകളും, ചിറകളും വരമ്പുകളും, മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥ എന്നർത്ഥമാകുന്നു;

(iv) “ജില്ല” എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;

(v) “ജില്ലാതല അധികൃതസമിതി” എന്നാൽ 9-ആം വകുപ്പുപ്രകാരം രൂപീകരിക്കുന്ന ജില്ലാതല അധികൃത സമിതി എന്നർത്ഥമാകുന്നു;

(vi) “ജലനിർഗ്ഗമന ചാല്” എന്നാൽ നെൽവയലിലേക്കും 3 [അല്ലെങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലേക്കും] അതിൽ നിന്ന് പുറത്തേക്കും ജലം ഒഴുക്കിവിടുന്നതിനുള്ള ചാല് എന്നർത്ഥമാകുന്നു;

4 [(viഎ) “ന്യായ വില” എന്നാൽ, 1959 -ലെ കേരള മുദ്രപ്പത്ര ആക്ടിന്റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം നിശ്ചയിച്ചിട്ടുള്ള, ഭൂമിയുടെ ന്യായവില എന്നും അല്ലെങ്കിൽ ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടില്ലാത്തിടത്ത്, സമാനമായതും സമാനമായി സ്ഥിതിചെയ്യുന്നതുമായ ഭൂമിയുടെ ന്യായവില എന്നും അർത്ഥമാകുന്നു;

(viബി) “ഫണ്ട്” എന്നാൽ 27ഡി വകുപ്പ് പ്രകാരം രൂപികരിക്കുന്ന കാർഷിക അഭിവൃദ്ധി ഫണ്ട് എന്നർത്ഥമാകുന്നു;]

(vii) “സർക്കാർ” എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു;

(viii) “നെൽവയലിന്‍റെ അനുഭവക്കാരൻ” എന്നാൽ ഉടമസ്ഥനായോ നിയമാനുസൃത അവകാശിയായോ നെൽവയൽ കൈവശം വച്ചിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു;

(ix) “ഇടക്കാലവിള” എന്നാൽ നെൽവയലിന്‍റെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച്, രണ്ട് നെൽക്കൃഷിക്കിടയിലുള്ള കാലയളവിൽ, പരിവർത്തനാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, വാഴ, മത്സ്യം എന്നിവപോലെയുള്ള,ഹ്രസ്വകാലവിള എന്നർത്ഥമാകുന്നു;

(x) “കുടുംബശ്രീ യൂണിറ്റുകൾ”, എന്നാൽ സർക്കാരിന്‍റെ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൻ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ എന്നർത്ഥമാകുന്നതും അതിൽ സ്വയംസഹായസംഘങ്ങൾ ഉൾപ്പെടുന്നതുമാകുന്നു.

(xi) “തദ്ദേശസ്ഥാപനം” എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ച പ്രകാരമുള്ള ഒരു പഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിൽ (1994-ലെ 20) നിർവ്വചിച്ച പ്രകാരമുള്ള ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;

(xii) “നെൽവയൽ” എന്നാൽ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽക്കൃഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽക്കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും എന്നർത്ഥമാകുന്നതും അതിൽ അതിന്‍റെ അനുബന്ധനിർമ്മിതികളായ ചിറകളും ജലനിർഗ്ഗമന ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നതുമാകുന്നു.

(xiii) “പാടശേഖര സമിതി” എന്നാൽ നെല്ലിന്‍റെയും അനുബന്ധവിളകളുടെയും, കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകുടി, തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കർഷകസംഘടന എന്നർത്ഥമാകുന്നു;

(xiv) “പൊതു ആവശ്യം” എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള നികായങ്ങൾ എന്നിവ നേരിട്ട് നടത്തുന്നതോ സാമ്പത്തികസഹായം നൽകുന്നതോ ആയ 5[പദ്ധതികളുടെയും പ്രാജക്റ്റുകളുടെയും] 6[അല്ലെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന മറ്റു പദ്ധതികളുടെയും പ്രോജക്ടുളുടെയും] ആവശ്യം എന്നർത്ഥമാകുന്നു;

(xv) “രൂപാന്തരപ്പെടുത്തൽ” എന്നാൽ ഈ ആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള നെൽവയലോ തണ്ണീർത്തടമോ ഏതെങ്കിലും പ്രവൃത്തിയോ തുടർപ്രവൃത്തികളോ മുലം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിൽ ആക്കാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ രൂപാന്തരപ്പെടുത്തുക എന്നർത്ഥമാകുന്നു;

(xvi) “സംസ്ഥാനം” എന്നാൽ കേരളസംസ്ഥാനം എന്നർത്ഥമാകുന്നു;

(xvii) “സംസ്ഥാനതല സമിതി” എന്നാൽ 8-ആം വകുപ്പുപ്രകാരം രൂപീകരിക്കുന്ന സംസ്ഥാനതല സമിതി എന്നർത്ഥമാകുന്നു;

7 [(xviഎ)“വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി” എന്നാൽ സമിതിയുടെ അധികാരിത പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്ന അടിസ്ഥാന നികുതി രജിസ്റ്ററിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ 5-ആം വകുപ്പ്, (4)-ആം ഉപവകുപ്പ് പ്രകാരം നെൽവയലായോ തണ്ണിർത്തടമായോ വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ ഭൂമിയോ 5-ആം വകുപ്പ് (4)-ആം ഉപവകുപ്പ് (1)-ആം ഖണ്ഡത്തിലെ വ്യവസ്ഥകൾ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തിടത്ത്, ഈ ആക്ടിന്‍റെ പ്രാരംഭ തീയതിയിൽ നികത്തപ്പെട്ട ഭൂമിയായി കിടക്കുന്നതും കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് സെന്‍ററിന്‍റെയും പ്രാദേശികതല നിരിക്ഷണസമിതിയുടെയും റിപ്പോർട്ട് പ്രകാരം നെൽവയൽ അല്ലാത്തതുമായ ഭൂമിയോ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് സെന്‍ററിന്‍റെ റിപ്പോർട്ട് ലഭ്യമല്ലാത്തിടത്ത്, പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം നെൽവയൽ അല്ലാത്തതുമായ ഭൂമിയോ എന്നർത്ഥമാകുന്നു;
 (xvii ബി) ''ജലസംരക്ഷണ നടപടികൾ" എന്നാൽ ടാങ്കുകൾ, ജല സംഭരണികൾ, കുഴികൾ, ട്രെഞ്ചുകൾ, കുളങ്ങൾ എന്നിവ ഉൾപ്പെടെ, ഭൂമിയുടെ ഉപരിതലത്തിലോ ഭൂമിക്കടിയിലോ ഉള്ള, ആവരണം ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ മഴവെള്ള സംഭരണ നിർമ്മിതികൾ അല്ലെങ്കിൽ മഴ വെള്ളമോ, സമീപത്തെ നെൽവയലുകളിലേക്കും ജലനിർഗ്ഗമന ചാലുകളിലേക്കും ഉള്ള സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ നെൽവയലിലൂടെയോ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലൂടെയോ ഒഴുകുന്ന ജലമോ സംഭരിക്കുന്നതിനുള്ള മറ്റ് ഏതെങ്കിലും നിർമ്മിതിയോ എന്നർത്ഥമാകുന്നതും അവ ഉൾപ്പെടുന്നതുമാകുന്നു;]

(xviii) “തണ്ണീർത്തടം” എന്നാൽ മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയിൽ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴംകുറഞ്ഞജലത്താൽ മൂടിക്കിടക്കുകയോ അഥവാ മന്ദഗതിയിൽ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്‍റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നർത്ഥമാകുന്നതും അതിൽ കായലുകൾ, അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ, കടലോരക്കായലുകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ, ഓരുള്ള ചതുപ്പ് നിലങ്ങൾ, ചതുപ്പിലെ കാടുകൾ എന്നിവ ഉൾപ്പെടുന്നതും, നെൽവയലുകളും നദികളും ഉൾപ്പെടാത്തതുമാകുന്നു;

(xix) “വർഷം” എന്നാൽ ഒരു മലയാളവർഷം എന്നർത്ഥമാകുന്നു.


1. 2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
2. 2018–ലെ 29-ആം ആക്റ്റ് പ്രകാരം പുനരക്കമിട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).അതിനു മുമ്പ് ഇങ്ങനെ:“(i)”.
3. 2018–ലെ 29-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
4. 2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
5. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “പദ്ധതികളുടെയും” എന്ന വാക്കിനു പകരം ചേർക്കപ്പെട്ടു.(30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).
6. 2018–ലെ 29-ആം ആക്റ്റ് പ്രകാരം “സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന മറ്റു പദ്ധതികളുടെയും” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു. (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.).
7.  2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു).