Skip to main content
[vorkady.com]

39[27എ. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവവ്യതിയാനം

(1) വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഏതെങ്കിലും ഉടമസ്ഥൻ, അപ്രകാരമുള്ള ഭൂമി, വീടുവയ്ക്കുന്നതിനുള്ള ആവശ്യത്തിനോ വാണിജ്യ ആവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന പക്ഷം, അയാൾ, റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള രീതിയിൽ, അനുമതിക്കായി അപേക്ഷ നൽകേണ്ടതാണ്.

(2) ഏതെങ്കിലും കോടതിയുടെയോ ട്രൈബ്യൂണലിന്‍റെയോ മറ്റ് അധികാരസ്ഥാനത്തിന്‍റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തു തന്നെ അടങ്ങിയിരുന്നാലും, അപ്രകാരം ലഭിക്കുന്ന അപേക്ഷകളിന്മേൽ റവന്യൂ ഡിവിഷണൽ ഓഫീസർക്ക്, ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, ആവശ്യമെന്ന് കരുതുന്ന ജലസംരക്ഷണ നടപടികളിലൂടെ, സമീപത്തെ നെൽവയൽ, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തിക്കൊണ്ട്, യുക്തമെന്നും ശരിയായതെന്നും കരുതുന്ന പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്.

എന്നാൽ, അപേക്ഷ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികരിക്കുന്ന പക്ഷം, അപ്രകാരമുള്ള ഭൂമിയുടെ വിസ്തീർണ്ണത്തിന്‍റെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി മാറ്റിവെയ്ക്കേണ്ടതാണ്.

(3) അപേക്ഷ അനുവദിക്കുന്ന പക്ഷം, നിർണ്ണയിക്കപ്പെടാവുന്ന  പ്രകാരമുള്ള നിരക്കിൽ ഒരു ഫീസ് നൽകുവാൻ അപേക്ഷകൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്:

എന്നാൽ, അപേക്ഷ അനുവദിക്കുന്ന ഭൂമി 1967 -ലെ കേരള ലാന്‍റ് യൂട്ടിലൈസേഷൻ ഓർഡറിന്‍റെ പ്രാരംഭത്തിയതിയായ 1967 ജൂലൈ 4-ആം തീയതിക്ക് മുമ്പ് നികത്തിയതോ നികന്നതോ ആണെന്ന് അപേക്ഷകൻ നിർണ്ണയിക്കപ്പെടാവുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി തെളിയിക്കുന്നപക്ഷം അപ്രകാരമുള്ള യാതൊരു ഫീസും ഈടാക്കുവാൻ പാടുള്ളതല്ല.

(4) അപേക്ഷ അനുവദിക്കുന്ന പക്ഷം, റവന്യു ഡിവിഷണൽ ഓഫീസർ, വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ രൂപാന്തരപ്പെടുത്തൽ, ചേർന്ന് കിടക്കുന്ന ഭൂമിയിലെ നെൽക്കൃഷിയെയോ മറ്റ് ഏതെങ്കിലും വിളകളുടെ കൃഷിയെയോ, ഏതെങ്കിലും ഉണ്ടെങ്കിൽ, അവയെ ദോഷകരമായി ബാധിക്കുകയില്ല എന്ന് ഉറപ്പു വരുത്തേണ്ടതും, പ്രസ്തുത കൃഷി ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രകാരമുള്ള ജലസംരക്ഷണ നടപടികൾ വ്യക്തമാക്കേണ്ടതുമാണ്;

എന്നാൽ, അപ്രകാരമുള്ള ജലസംരക്ഷണ നടപടികൾ വ്യക്തമാക്കുമ്പോൾ, റവന്യൂ ഡിവിഷണൽ ഓഫീസർക്ക്, അദ്ദേഹം യുക്തമെന്നു കരുതുന്നുവെങ്കിൽ, സർക്കാർ ഏജൻസികൾ സൂക്ഷിക്കുന്ന, പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കാവുന്നതാണ്.

(5) വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പരിവർത്തനപ്പെടുത്തുന്നതോ പരിവർത്തനപ്പെടുത്തുവാൻ ശ്രമിക്കുന്നതോ, ഉപയോഗിക്കുന്നതോ ഉപയോഗിക്കുവാൻ ശ്രമിക്കുന്നതോ, നെൽകൃഷിക്ക് വേണ്ടിയാണെങ്കിൽ ഈ വകുപ്പ് പ്രകാരമുള്ള യാതൊരു അനുമതിയും ആവശ്യമില്ലാത്തതാകുന്നു.

(6) 1994 -ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലും (1994-ലെ 13), 1994 -ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും (1994 -ലെ 20) എന്തു തന്നെ അടങ്ങിയിരുന്നാലും പരമാവധി 4.04 ആർ വിസ്തൃതിയിലുള്ള ഭൂമിയിൽ 120 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു വീട് നിർമ്മിക്കുന്നതിനും അല്ലെങ്കിൽ പരമാവധി 2.02 ആർ വിസ്തൃതിയിലുള്ള ഭൂമിയിൽ 40 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിലുള്ള ഒരു വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനും ഈ വകുപ്പ് പ്രകാരമുള്ള യാതൊരു അനുമതിയും ആവശ്യമില്ലാത്തതുമാകുന്നു;

എന്നാൽ, ഈ ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള 'വീട്' എന്നതിന്‍റെ അർത്ഥവ്യാപ്തിക്കുള്ളിൽ പാർപ്പിട സമുച്ചയമോ സമുച്ചയങ്ങളോ ഫ്ളാറ്റുകളോ ബഹുനില പാർപ്പിടസമുച്ചയങ്ങളോ ഉൾപ്പെടുന്നതല്ല:എന്നുമാത്രമല്ല, ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കുവാൻ പാടുള്ളൂ.

(7) (6)-ആം ഉപവകുപ്പ് പ്രകാരമുള്ള ഒഴിവാക്കൽ, 2018 -ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്റ്റ് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ, ഉടമസ്ഥർക്കുമാത്രം ബാധകമായിരിക്കുന്നതാണ്;

എന്നാൽ, (6)-ആം ഉപവകുപ്പിൻകീഴിൽ ഒഴിവാക്കൽ അനുവദിക്കപ്പെട്ട താമസാവശ്യത്തിനുള്ള കെട്ടിടത്തിന്‍റെയോ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടത്തിന്‍റെയോ വിസ്തീർണ്ണം, പിന്നീട് പുതിയ നിർമ്മാണങ്ങൾ വഴി വർദ്ധിപ്പിച്ചിട്ടുള്ളപക്ഷം, (6)-ആം ഉപവകുപ്പിൻകീഴിലുള്ള ഒഴിവാക്കലിന് പ്രാബല്യമില്ലാതായിത്തീരുന്നതും, പുതിയ നിർമ്മാണങ്ങൾ കണ്ടുപിടിക്കപ്പെട്ട തീയതിയിൽ, ഭൂമിയുടെ ഉടമസ്ഥൻ ആയിരിക്കുന്ന ആൾ (3)-ആം ഉപവകുപ്പ് പ്രകാരമുള്ള ഫീസ് നൽകുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

(8) ഏതെങ്കിലും പൊതുആവശ്യത്തിലേക്കായി വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ പരിവർത്തനപ്പെടുത്തൽ ആവശ്യമാകുന്നിടത്ത്, റവന്യൂ ഡിവിഷണൽ ഓഫീസർ, സമീപത്തെ നെൽവയൽ ഏതെങ്കിലുമുണ്ടെങ്കിൽ, അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു കൊണ്ട് സർക്കാരിന് ഒരു റിപ്പോർട്ട് നൽകേണ്ടതും ഇത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ജലസംരക്ഷണ നടപടികൾ നിർദ്ദേശിക്കേണ്ടതുമാണ്.

(9) സർക്കാരിന്, (8) -ആം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോർട്ട് ലഭിക്കുന്നതിന്മേൽ, പൊതു ആവശ്യത്തിലേക്കായി, വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി രൂപാന്തരപ്പെടുത്തുന്നതിനുള്ള, അനുമതി നൽകാവുന്നതാണ്;
എന്നാൽ, അപ്രകാരമുള്ള അനുമതി നൽകുന്നിടത്ത്, സർക്കാരിന് റവന്യൂ ഡിവിഷണൽ ഓഫീസറുടെ ശിപാർശകളിന്മേൽ ആവശ്യമെന്നു തോന്നുന്ന ഭേദഗതികൾ വരുത്താവുന്നതാണ്.

എന്നുമാത്രമല്ല, അപേക്ഷ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ കൂടുതലാകുന്നിടത്ത്, ജല സംരക്ഷണ നടപടികൾക്കായി അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം നീക്കിവയ്ക്കേണ്ടതാണ്.

(10) (2), (9) എന്നീ ഉപവകുപ്പുകൾ പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ, അനുമതി നല്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചു കൊണ്ട് അപകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.

(11) റവന്യൂ ഡിവിഷണൽ ഓഫീസർക്ക്, സ്വമേധയായോ സങ്കടമനുഭവിക്കുന്ന കക്ഷിയുടെ അപേക്ഷയിൻമേലോ, (2)-ആം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും, പ്രസ്തുത ഉപവകുപ്പു പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ഉപാധികൾ അപേക്ഷകൻ പൂർണ്ണമായോ ഭാഗികമായോ പാലിക്കാതിരിക്കുന്ന പക്ഷം, റദ്ദാക്കാവുന്നതാണ്. 

(12) (11)-ആം ഉപവകുപ്പ് പ്രകാരമുള്ള യാതൊരു റദ്ദാക്കൽ ഉത്തരവും. ഈ വിഷയത്തിൽ അപേക്ഷകന് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകിയിട്ടല്ലാതെ, റവന്യൂ ഡിവിഷണൽ ഓഫീസർ പുറപ്പെടുവിക്കുവാൻ പാടുള്ളതല്ല.

(13) 2018-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്റ്റിന്‍റെ പാബല്യത്തീയതി മുതൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവവ്യതിയാനം സംബന്ധിച്ച് ലഭിക്കുന്ന ഏതൊരു അപേക്ഷയും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം മാത്രം പരിഗണിക്കേണ്ടതും തീർപ്പാക്കേണ്ടതുമാണ്.


39. 2018–ലെ 29-ആം ആക്റ്റ് പ്രകാരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു