Skip to main content
[vorkady.com]

8. സംസ്ഥാനതല സമിതിയുടെ രൂപീകരണം

(1) സർക്കാർ, പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുന്നതിന്, സമിതി ശുപാർശ ചെയ്തിട്ടുള്ള അപേക്ഷകൾ വിശദപരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുന്നതിലേക്കായി, ഒരു സംസ്ഥാനതല സമിതി രൂപീകരിക്കേണ്ടതാണ്.

(2) കാർഷികോൽപ്പാദന കമ്മീഷണർ, ലാന്‍റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പരിസ്ഥിതിമേഖലയിലെ ഒരു വിദഗ്ദ്ധൻ, നെൽക്കൃഷി മേഖലയിലെ ഒരു ശാസ്ത്രജ്ഞൻ എന്നിവർ സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നതും, കാർഷികോൽപ്പാദന കമ്മീഷണർ അതിന്‍റെ കൺവീനർ ആയിരിക്കുന്നതുമാണ്.

12[(3)പൊതു ആവശ്യത്തിനായി നെൽവയൽ നികത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ സമിതി സമർപ്പിച്ച ഓരോ റിപ്പോർട്ടും, സംസ്ഥാനതല സമിതി വിശദമായി പരിശോധിക്കേണ്ടതും, അപ്രകാരം രൂപാന്തരപ്പെടുത്തുന്നത് ചേർന്നുകിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ചും, ചേർന്നുകിടക്കുന്ന നെൽവയലുകളിലേക്ക് ജലം സുഗമമായി ഒഴുകിപ്പോകുന്നത് ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും വിശദമായി പരിശോധിക്കേണ്ടതും, അപേക്ഷകന്‍ സ്വീകരിക്കേണ്ട അനുയോജ്യമായ ജലസംരക്ഷണ നടപടികളെ സംബന്ധിച്ചും അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശത്തെ സംബന്ധിച്ചുമുള്ള ശിപാർശ സഹിതം ഒരു റിപ്പോർട്ട്, സമിതിയുടെ റിപ്പോർട്ട് ലഭിച്ച തീയതി മുതൽ മൂന്നു മാസങ്ങൾക്കകം സർക്കാരിന് നൽകേണ്ടതുമാണ്.

(4) സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന്മേൽ, നെൽവയൽ രൂപാന്തരപ്പെടുത്തുന്ന തിന് അനുവാദം നൽകിക്കൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവിലും, അനുമതി നൽകിയിട്ടുള്ള ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും അതിന്റെ വിസ് തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.]


12. 2018–ലെ 29-ആം ആക്റ്റ് പ്രകാരം പകരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു). അതിനു മുമ്പ് ഇങ്ങനെ:
“(3) പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിനോ പരിവർത്തനപ്പെടുത്തുന്നതിനോ പ്രാദേശികതല നിരീക്ഷണസമിതി ശുപാർശ ചെയ്തിട്ടുള്ള ഓരോ അപേക്ഷയും, സംസ്ഥാനതല സമിതി പരിശോധിച്ച്, ആ പ്രദേശത്ത്, നെൽവയൽ അല്ലാത്ത മറ്റൊരു സ്ഥലം ലഭ്യമാണോ എന്നും നെൽവയൽ നികത്തുന്നതുമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധന നടത്തി,സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതാണ്.”