Skip to main content
[vorkady.com]

14 [10. ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാരിനുള്ള അധികാരം

(1) 3-ആo വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ, പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ മാതം, ഈ ആക്റ്റിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിക്കൊടുക്കാവുന്നതും, അത് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുമാണ്.

(2) സർക്കാരിന്, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽക്യഷി, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിനെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് അഭിപ്രായമുള്ളപക്ഷം, അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്നതാണ്.

എന്നാൽ, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയിൽ ആവശ്യമായ അനുയോജ്യ ജലസംരക്ഷണ നടപടികൾ അപേക്ഷകൻ സ്വീകരിച്ചിട്ടുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്;

എന്നുമാത്രമല്ല, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികമാണെങ്കിൽ, അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കേണ്ടതാണ്.

(3) ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും, സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്. 

(4) സർക്കാരിന്, 8-ആo വകുപ്പ്, (3)-ആo ഉപവകുപ്പിൽ വ്യക്തമാക്കിയ സമയപരിധിക്കകം സംസ്ഥാനതല സമിതിയിൽ നിന്നും റിപ്പോർട്ട് ലഭിക്കാത്തപക്ഷം, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റ് അധികാര സ്ഥാനത്തുനിന്നും റിപ്പോർട്ട് ആവശ്യപ്പെടാവുന്നതും, ഒഴിവാക്കൽ അനുവദിച്ചുകൊണ്ടോ നിരസിച്ചുകൊണ്ടോ രേഖാമൂലം ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്. 

(5) ഒഴിവാക്കൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ഉപാധികൾ അപേക്ഷകൻ പൂർണ്ണമായോ ഭാഗികമായോ പാലിച്ചിട്ടില്ലാത്തപക്ഷം, സർക്കാരിന്, ഈ വകുപ്പുപ്രകാരമുള്ള ഏതൊരു ഉത്തരവും, സ്വമേധയായോ അല്ലെങ്കിൽ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും കക്ഷിയുടെ അപേക്ഷയിന്മേലോ, റദ്ദാക്കാവുന്നതും പ്രസ്തുത ഭൂമി 13-ആo വകുപ്പ് പ്രകാരം പൂർവ്വസ്ഥിതിയിലാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകാവുന്നതും ജില്ലാ കളക്ടർ നിർണ്ണയിക്കപ്പെടാവുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അപ്രകാരം ചെയ്യുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

(6) (5)-ആo ഉപവകുപ്പ് പ്രകാരമുള്ള യാതൊരു റദ്ദാക്കൽ ഉത്തരവും ഈ വിഷയത്തിൽ അപേക്ഷകന് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകാതെ സർക്കാർ പുറപ്പെടുവിക്കുവാൻ പാടുള്ളതല്ല.]


14. 2018–ലെ 29-ആം ആക്റ്റ് പ്രകാരം പകരം ചേർക്കപ്പെട്ടു (30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു). അതിനു മുമ്പ് ഇങ്ങനെ: 

 “10.ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാരിനുള്ള അധികാരം.-(1) 3-ആം വകുപ്പിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ, ഈ ആക്റ്റിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിക്കൊടുക്കാവുന്നതാണ്.
(2) പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ പ്രാദേശികതല നിരീക്ഷണ സമിതി ശുപാർശചെയ്യുകയും, സംസ്ഥാനതല സമിതി നല്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പകരം മറ്റൊരു സ്ഥലം ലഭ്യമല്ലെന്നും അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ, രൂപാന്തരപ്പെടുത്തലോ ചേർന്ന് കിടക്കുന്ന നെൽവയലിലെ നെൽക്കൃഷിയേയോ ആ പ്രദേശത്തെ പരിസ്ഥിതി വ്യവസ്ഥയേയോ ദോഷകരമായി ബാധിക്കുകയില്ലെന്നും സർക്കാരിന് ബോദ്ധ്യപ്പെടുകയും ചെയ്താലല്ലാതെ, (1)ആം ഉപവകുപ്പുപ്രകാരമുള്ള യാതൊരു ഒഴിവാക്കലും അനുവദിക്കാൻ പാടുള്ളതല്ല.”