Skip to main content
[vorkady.com]

മുൻകുറിപ്പ്

1969-ൽ ജനന മരണ രജിസ്ട്രേഷൻ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അഞ്ചര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് നിയമം ആദ്യമായി ഭേദഗതി ചെയ്യപ്പെടുന്നത്. 
സാമ്പത്തിക ആസൂത്രണത്തിന് സഹായകരമാകുന്ന ഒരു കണക്കെടുപ്പ് എന്ന നിലയിലാണ് ജനന-മരണ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. 
എന്നാൽ കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്ത്
ഒരു വ്യക്തിക്ക് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുക, 
ഡ്രൈവിംഗ് ലൈസൻസ് നേടുക, വോട്ടർ പട്ടികയിൽ പേര് ചേർത്തെടുക്കുക, വിവാഹ രജിസ്ട്രേഷൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്ക് 
ഒരു വ്യക്തിയുടെ ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി ജനന സർട്ടിഫിക്കറ്റിനെ ഉപയോഗിക്കുക 
എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി നിയമം കൊണ്ടു വന്നിട്ടുള്ളത്.

അതോടൊപ്പം  ഡിജിറ്റൽ രജിസ്ട്രേഷനും ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണത്തിനും നിയമത്തിന്റെ പിൻബലം നൽകുന്നതിനും  
സർക്കാരിന്റെ പൊതു സേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും 
കാര്യക്ഷമവും സുതാര്യവുമായി  പ്രദാനം ചെയ്യുന്നതിനുള്ള ആധാർ നമ്പർ, റേഷൻ കർഡ്, പാസ്പോർട്ട്, വസ്തു രജിസ്ട്രേഷൻ എന്നിവ നടത്തുന്നതിന്
ഡിജിറ്റൽ വിവര വ്യൂഹം കാലികമാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന രീതിയിൽ രജിസ്റ്റർ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ, സംസ്ഥാന തലത്തിലുള്ള വിവര വ്യൂഹം സൃഷ്ടിക്കുന്നതിനും ഭേദഗതി നിയമം ലക്ഷ്യമിടുന്നു. 

ഭേദഗതി നിയമത്തിനനുസൃതമായി 1969- ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പരിശോധിക്കുവാൻ ലഭ്യമാക്കുന്നത് ഇത് അനുദിനം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ സുഹൃത്തുക്കൾക്ക് പ്രയോജനപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും അഭിഭാഷക സുഹൃത്തുക്കളും പേരറിയാത്ത മറ്റൊരുപാടു പേരും എന്റെ എളിയ ഉദ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രോല്‍സാഹനവും പിന്തുണയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
തുടര്‍ന്നും ഏവരുടെയും അഭിപ്രായങ്ങളും പിന്തുണയും പ്രതീക്ഷിച്ചു കൊള്ളുന്നു.

ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുമായി ഒത്തു നോക്കി തെറ്റുകളും ഒഴിവാക്കലുകളും ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും അക്ഷരതെറ്റുകൾ ഉൾപ്പടെയുള്ള തെറ്റുകൾ വന്നിട്ടുണ്ടാകാം. ആയത് ശ്രദ്ധയിൽ പെട്ടാൽ എന്നെ അറിയിക്കുമല്ലോ.
രാജേഷ് ടി.വർഗീസ്, LL.B. 
9447057736